ജലന്ധര്‍ ബിഷപ്പിന് കുരുക്ക് മുറുകുന്നു; കൂടുതല്‍ കന്യാസ്ത്രീകളുടെ മൊഴി പുറത്ത്

കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കൂടുതല്‍ കന്യാസ്ത്രീകളുടെ മൊഴികള്‍ പുറത്തുവന്നു. ബിഷപ്പിന്റെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് തിരുവസ്ത്രം ഉപേക്ഷിച്ചവരുള്‍പ്പെടെയാണ് അന്വേഷണസംഘത്തിന് മൊഴിനല്‍കിയത്. ജലന്ധറിലെ മഠത്തില്‍വച്ച് ബിഷപ് കയറിപ്പിടിച്ചതായി സഭ വിട്ട കന്യാസ്ത്രീകളിലൊരാള്‍ മൊഴിനല്‍കി. ബിഷപ് ബലമായി ആലിംഗനം ചെയ്തതിനെത്തുടര്‍ന്നാണ് മറ്റൊരു കന്യാസ്ത്രീ സഭവിട്ടത്.
തുടര്‍ച്ചയായ അതിക്രമങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെയാണ് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടിവന്നതെന്ന് ഇരുവരും അന്വേഷണസംഘത്തോട് വ്യക്തമാക്കി. ഇതോടെ പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പിന് കുരുക്ക് മുറുകുകയാണ്.
കേസുമായി ബന്ധപ്പെട്ട് ഭഗല്‍പൂര്‍ ബിഷപ് കുര്യന്‍ വലിയകണ്ടത്തിലിന്റെ മൊഴിയെടുക്കാനും തീരുമാനമായി. ജലന്ധര്‍ ബിഷപ്പിന്റെ മോശം പെരുമാറ്റം സംബന്ധിച്ച് ഭഗല്‍പൂര്‍ ബിഷപ്പിനോട് പറഞ്ഞിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
കന്യാസ്ത്രീ ഇലഞ്ഞിയിലെ വീട്ടിലെത്തി ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്കുള്ള പരാതിയും ഭഗല്‍പൂര്‍ ബിഷപ്പിനെ ഏല്‍പ്പിച്ചു. ബംഗളൂരുവില്‍ നടന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍വച്ചാണ് കന്യാസ്ത്രീയുടെ പരാതി ഭഗല്‍പൂര്‍ ബിഷപ് സ്ഥാനപതിക്ക് കൈമാറിയത്. ഇത് സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ജലന്ധര്‍ രൂപതയിലെ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തിയ മൊഴിയെടുപ്പിലാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്.
കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിഷപ് ആവിഷ്‌കരിച്ച 'ഇടയനോടൊപ്പം ഒരുദിവസം' എന്ന പരിപാടിയില്‍ നടന്ന കാര്യങ്ങളും കന്യാസ്ത്രീകള്‍ പോലിസിനോട് വിശദീകരിച്ചിട്ടുണ്ട്. ഈ പരിപാടിക്കിടെയും കന്യാസ്ത്രീകളോട് ബിഷപ് മോശമായി പെരുമാറിയെന്നും മൊഴിയിലുണ്ട്.
അതിനിടെ, ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുക്കളുടെ നീക്കം. രഹസ്യമൊഴിയടക്കമുള്ള തെളിവുകള്‍ ലഭിച്ചിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ പരാതിക്കാരിയെ നിരന്തരം ചോദ്യംചെയ്യുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനം.
ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം ഇപ്പോള്‍ പറയുന്നത്. ഇതിന്റെ പേരില്‍ വീണ്ടും കന്യാസ്ത്രീയെ ചോദ്യംചെയ്യുകയാണ്. എന്നാല്‍, ആരോപണവിധേയനായ ബിഷപ്പിനെ ഒരുതവണ മാത്രമാണ് ചോദ്യംചെയ്തത്. തുടര്‍ച്ചയായ ചോദ്യംചെയ്യലില്‍ പരാതിക്കാരിയായ കന്യാസ്ത്രീ മാനസികസമ്മര്‍ദത്തിലാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top