ജലന്ധര്‍ ബിഷപ്പിനെ ഇന്ന് രാവിലെ ചോദ്യം ചെയ്യും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നു ചോദ്യം ചെയ്യും. രാവിലെ 10ന് വൈക്കം ഡിവൈഎസ്പി ഓഫിസില്‍ ഹാജരാവാനാണ് അന്വേഷണസംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമായിരിക്കും ചോദ്യം ചെയ്യുക. നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട്.
ആദ്യം വൈക്കം ഡിവൈഎസ്പി ഓഫിസില്‍ ചോദ്യം ചെയ്യും. സുരക്ഷാപ്രശ്‌നങ്ങളുണ്ടെങ്കില്‍ മാത്രം ഏറ്റുമാനൂരിലെ ഹൈടെക് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഏറ്റുമാനൂര്‍ സ്‌റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.
മൊഴികളിലെ വൈരുധ്യം ദൂരീകരിക്കുന്നതിന് മൂന്നു ദിവസമെങ്കിലും ചോദ്യംചെയ്യല്‍ നീളുമെന്നാണ് വിവരം. വൈക്കവും ഏറ്റുമാനൂരും കൂടാതെ കോട്ടയം പോലിസ് ക്ലബ്ബും ചോദ്യംചെയ്യലിനായി ക്രമീകരിച്ചിട്ടുണ്ട്.
അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി എന്നതു കൊണ്ട് ബിഷപ്പിന്റെ അറസ്റ്റിന് തടസ്സമില്ലെന്ന് കോട്ടയം ജില്ലാ പോലിസ് മേധാവി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യംചെയ്യലിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് തീരുമാനിക്കുന്നത്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുമായി ചര്‍ച്ച നടത്തിയശേഷമാണ് എസ്പി മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിച്ചത്. അതിനിടെ, ബിഷപ്പിന്റെ സഹായികളായ ജലന്ധര്‍ രൂപതയിലെ വൈദികര്‍ അടങ്ങുന്ന സംഘം കോട്ടയത്തെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്ധറിലെത്തിയാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്.

RELATED STORIES

Share it
Top