ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി: കര്‍ദിനാളില്‍ നിന്നു മൊഴിയെടുത്തു

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കര്‍ദിനാളിന്റെ മൊഴി രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം നാലരയോടെ സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കല്‍ രണ്ടര മണിക്കൂറോളം നീണ്ടു.
ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീയുടെ പരാതി കിട്ടിയിട്ടില്ലെന്ന് കര്‍ദിനാള്‍ അന്വേഷണ സംഘത്തിന് മുന്നിലും ആവര്‍ത്തിച്ചതായാണ് അറിയുന്നത്. കന്യാസ്ത്രീ തന്നെ വന്നുകണ്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ ആരോപിക്കുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും അന്നു പറഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച് തനിക്കു പരാതി കിട്ടിയിട്ടില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അതിന്റെ അധികാരികള്‍ക്ക് പരാതി നല്‍കാനാണ് കന്യാസ്ത്രീയോട് ആവശ്യപ്പെട്ടത്. സഭയുടെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മാത്രമാണ് കന്യാസ്ത്രീ പറഞ്ഞതെന്ന് കര്‍ദിനാള്‍ വ്യക്തമാക്കിയതായാണ് അറിവ്. ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തിയതിനുശേഷം മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ന്വേഷണ സംഘം അറിയിച്ചു. അതിന് ശേഷമായിരിക്കും ജലന്ധറിലേക്ക് പോവുന്നത്.

RELATED STORIES

Share it
Top