ജലന്ധര്‍ പീഡനം: കന്യാസ്ത്രീക്കെതിരായ മദര്‍ ജനറാളിന്റെ വാദം പൊളിയുന്നു; മഠത്തില്‍ എത്തിയത് പരാതി ചര്‍ച്ച ചെയ്യാനെന്ന് രേഖകള്‍

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗിക പീഡനത്തിനു പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരായ മദര്‍ ജനറാളിന്റെ വാദങ്ങള്‍ പൊളിയുന്നു. ഒരു വീട്ടമ്മയുടെ ഭര്‍ത്താവുമായുള്ള അവിഹിതബന്ധം സംബന്ധിച്ച പരാതിയില്‍ നടപടിയെടുത്തതിനാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ ലൈംഗിക ചൂഷണ പരാതി നല്‍കിയതെന്നായിരുന്നു മദര്‍ ജനറാള്‍ റജീന കടന്തോട്ടിന്റെ വാദം.
തെളിവു ശേഖരണത്തിനും നടപടിയെടുക്കുന്നത് ഉള്‍െപ്പടെയുള്ള മറ്റു കാര്യങ്ങള്‍ക്കും വേണ്ടിയാണ് താന്‍ കുറവിലങ്ങാട്ട് എത്തിയതെന്നും ഈ വിഷയത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ് ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീ പരാതിയുമായി എത്തിയതെന്നുമാണ് മദര്‍ ജനറാള്‍ നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, മദര്‍ ജനറാള്‍ കുറവിലങ്ങാട്ട് എത്തിയത് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി ചര്‍ച്ച ചെയ്യാനാണെന്ന് വ്യക്തമാക്കുന്ന കത്തുകളുടെ പകര്‍പ്പ് പുറത്തുവന്നു.
ജൂണ്‍ 2നാണ് മദര്‍ ജനറാള്‍ കുറവിലങ്ങാട്ട് എത്തിയത്. തുടര്‍ന്ന് അവിടെയുള്ള കന്യാസ്ത്രീകളുമായി ചര്‍ച്ച നടത്തി. എന്നാല്‍, ആ സമയത്ത് പരാതിക്കാരിയായ കന്യാസ്ത്രീയെ കണ്ടിരുന്നില്ല. തുടര്‍ന്ന് ഈ കന്യാസ്ത്രീക്ക് കത്തയക്കുകയായിരുന്നു. 'കുറവിലങ്ങാട്ടെത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, താങ്കളെ കാണാന്‍ സാധിച്ചില്ല. ബിഷപ്പിനെതിരേ പരാതി നല്‍കിയ വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് താങ്കളുടെ ഭാഗത്തുനിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. ആ നിര്‍ദേശങ്ങള്‍ ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനായി പോകേണ്ടതുണ്ട്' എന്നീ കാര്യങ്ങളാണ് കത്തില്‍ രേഖപ്പെടുത്തിയിരുന്നത്.
തുടര്‍ന്ന് കന്യാസ്ത്രീ ഈ കത്തിനു മറുപടിയും നല്‍കി. ബിഷപ് ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം മുമ്പുതന്നെ വ്യക്തമാക്കിയിരുന്നതാണ്. പ്രശ്‌നപരിഹാരത്തിനു രണ്ടു നിര്‍ദേശങ്ങളും കന്യാസ്ത്രീ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഒന്നുകില്‍ തന്നെ ബിഷപ്പിന്റെ കീഴിലല്ലാത്ത ബിഹാറിലേക്ക് സ്ഥലം മാറ്റണമെന്നും അല്ലെങ്കില്‍ കുറവിലങ്ങാട് സ്വസ്ഥമായി കഴിയാനുള്ള അവസരമൊരുക്കണമെന്നുമാണ് ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാല്‍, വിഷയം പരിഹരിക്കേണ്ടതിനു പകരം കന്യാസ്ത്രീക്കെതിരേ പോലിസില്‍ പരാതി നല്‍കാന്‍ ബിഷപ്പിന് അവസരമൊരുക്കുകയാണ് മദര്‍ ജനറാള്‍ ചെയ്തതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബിഷപ് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌തെന്ന് ജൂണ്‍ 23നു കന്യാസ്ത്രീ മിഷനറീസ് ഓഫ് ജീസസിനു നല്‍കിയ കത്തില്‍ പറയുന്നു. മദര്‍ ജനറാളിനു കത്ത് നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അതുകൊണ്ടാണ് വീണ്ടും കത്തെഴുതുന്നത്.  മദര്‍ ജനറാള്‍ ബിഷപ്പിനെ പിന്തുണച്ചു. ബിഷപ്പിന്റെ ഭീഷണിക്കെതിരേ പ്രതികരിച്ച അഞ്ച് കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കിയില്ല. നീതി നഷ്ടപ്പെട്ടപ്പോഴാണ് പലരും മഠം ഉപേക്ഷിച്ചുപോയതെന്നും കത്തില്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top