ജലനിരപ്പ് 2394.34 അടിയിലെത്തി: അണക്കെട്ട് തുറക്കാനൊരുങ്ങി അധികൃതര്‍; എല്ലാം സജ്ജം

ടി  എസ്  നിസാമുദ്ദീന്‍

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാനൊരുങ്ങി അധികൃതര്‍. ട്രയല്‍ റണ്‍ നാളെ നടത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. അതേസമയം, ജലനിരപ്പ് ഉയരുന്നത് നിരീക്ഷിച്ചുവരുകയാണെന്നും അതീവ ജാഗ്രത പുലര്‍ത്തി മാത്രമേ തുടര്‍നടപടികളില്‍ തീരുമാനമുണ്ടാവൂ എന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. 26 വര്‍ഷത്തിനു ശേഷം ചെറുതോണി അണക്കെട്ട് തുറക്കുമ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ 40 സെന്റിമീറ്റര്‍ വരെയാണ് ഷട്ടറുകള്‍ ഉയര്‍ത്തുക.
അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി 8 മണിക്ക് 2394.3 അടിയിലെത്തി. 2395 അടിയില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. നാലു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ട്രയല്‍ റണ്ണാണ് നടക്കുകയെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു വ്യക്തമാക്കി. നീരൊഴുക്ക് കുറയുന്ന സാഹചര്യമുണ്ടായാല്‍ അതിനു മുമ്പുതന്നെ ട്രയല്‍ റണ്‍ അവസാനിപ്പിക്കും. ജലം ഒഴുകിപ്പോവേണ്ട പാത തെളിക്കുകയെന്ന ഉദ്ദേശ്യവും ട്രയല്‍ റണ്ണിനുണ്ട്.  കണ്‍ട്രോള്‍ റൂം ഇന്നലെ രാത്രി തന്നെ തുറന്നു. ദുരന്ത നിവാരണ അതോറിറ്റി ടീമും ഇന്നലെ രാത്രി ഇടുക്കിയിലെത്തി സുസജ്ജരായിട്ടുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ രേഖപ്പെടുത്തിയത് 9.1 സെന്റിമീറ്റര്‍ മഴയാണ്. 3.66 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. 1.44 കോടി യൂനിറ്റായിരുന്നു പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസിലെ ഉല്‍പാദനം. എന്നാല്‍, ഉല്‍പാദനത്തിന് എടുക്കുന്ന വെള്ളത്തിന്റെ ഇരട്ടിയിലധികം അണക്കെട്ടിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ഇത് 2400 അടിയായി കഴിഞ്ഞ ദിവസം താല്‍ക്കാലികമായി നിജപ്പെടുത്തിയിരുന്നു.
ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 12 ക്യാംപുകള്‍ തയ്യാറാക്കിയതായി അധികൃതര്‍ അറിയിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റും. അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് കാണാനെത്തുന്ന ആളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു. ജലം സുഗമമായി കടന്നുപോകാന്‍ വേണ്ട നടപടികള്‍ പെരിയാറിന്റെ ഇരുകരകളിലും ആരംഭിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പെരിയാറിന്റെ ചാലുകളില്‍ നിന്ന് ചളി നീക്കം ചെയ്തുതുടങ്ങി.

RELATED STORIES

Share it
Top