ജലനിധി ശുദ്ധജല വിതരണംമാര്‍ച്ചില്‍ ആരംഭിക്കും

വേങ്ങര: ഊരകം, വേങ്ങര, പറപ്പൂര്‍ മള്‍ട്ടി ജിപി കുടിവെള്ള വിതരണം അടുത്ത മാര്‍ച്ച് മാസത്തില്‍ തന്നെ പദ്ധതി വിഭാവനം ചെയ്ത മാതൃകയില്‍ ശുദ്ധജലം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതാണെന്ന് പദ്ധതി സെക്രട്ടറി.അവാസനത്തേതും വളരെ പ്രാധാന്യമര്‍ഹിക്കുന്നതുമായ കടമ്പയായ പൊതുമരാമത്ത് റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ എസ്റ്റിമേറ്റ് ലഭിച്ച മുറക്ക് പിഡബ്ല്യൂഡിയിലേക്ക് പണം നിക്ഷേപിച്ചു കഴിഞ്ഞു. അനുമതിയും ലഭിച്ചു. ഉടന്‍ തന്നെ പിഡബ്ല്യൂഡി റോഡില്‍ പണി ആരംഭിക്കുന്നതാണെന്നും പദ്ധതി സെക്രട്ടറി അറിയിച്ചു. കടലുണ്ടിപ്പുഴയില്‍ പറപ്പൂര്‍ പഞ്ചായത്തിലെ കല്ലക്കയത്ത് സ്ഥാപിച്ച സ്രോതസ്സില്‍ നിന്നും വേങ്ങര മിനിയില്‍ പുതുതായി പണികഴിപ്പിച്ച 30 ലക്ഷം ലിറ്റര്‍, എട്ടു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കുകളിലേക്കും, മിനിയില്‍ നിന്ന് ശുദ്ധീകരിച്ച വെള്ളം പൊതു മരാമത്ത് റോഡില്‍ സ്ഥാപിക്കുന്ന 32 ഓളം കിലോമീറ്റര്‍ പൈപ്പുകളിലൂടെയും, പഞ്ചായത്തു റോഡുകളില്‍ സ്ഥാപിച്ച 290 കിലോമീറ്ററുകളോളം പൈപ്പ് ലൈനുകള്‍ വഴിയുമാണ്, വേങ്ങര, ഊരകം, പറപ്പൂര്‍ പഞ്ചായത്തുകളിലെ 4700 ഓളം വീടുകളുടെ അടുക്കള മുറ്റത്ത് ശുദ്ധജലം എത്തിക്കുന്നത്. പൊതുമരാമത്ത് റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് പ്രവര്‍ത്തി നടത്താന്‍ അനുമതി ലഭിക്കുന്നതിന് വകുപ്പ് എസ്റ്റിമേറ്റിട്ടിരിക്കുന്നത് വന്‍ തുകയായിരുന്നുവെങ്കിലും വേങ്ങര പഞ്ചായത്ത് ജലനിധി കമ്മിറ്റിക്ക് അത് വെറും ഒരു ലക്ഷത്തി പതിനയ്യായിരത്തോളം രൂപമാത്രമാണ് വിഹിതമായി അടക്കേണ്ടി വന്നിട്ടുള്ളത്.മേല്‍ കരാര്‍ പ്രകാരം റോഡുകളില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് കഴിഞ്ഞാലുടന്‍ തന്നെ റോഡ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം പൊതു മരാമത്ത് നിര്‍വ്വഹിക്കുന്നതാണ്. ഒന്നര വര്‍ഷം കൊണ്ട് 290 ഓളം കിലോമീറ്റര്‍ റോഡില്‍ പൈപ്പിട്ട ജലനിധിക്ക് ഇനി 27 കിലോമീറ്റര്‍ റോഡില്‍ പൈപ്പിടാന്‍ അധിക സമയം വേണ്ടിവരില്ല.വേങ്ങര പഞ്ചായത്തിലെ 23 വാര്‍ഡുകളിലും, ഓരോ സൊസൈറ്റി വളരെ സജീവമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കുന്നതായും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഏറ്റെടുത്തു നടത്തിക്കുകയായിരുന്നു എന്നും എസ്എല്‍ഇസി സെക്രട്ടറി പറങ്ങോടത്ത് കുഞ്ഞാമു പറഞ്ഞു പദ്ധതിയുടെ യഥാര്‍ത്ഥ പ്രവര്‍ത്തനം തിരിച്ചറിയുന്ന പദ്ധതി സൊസൈറ്റി ഭാരവാഹികളും ഗുണഭോക്താക്കളും സാധാരണക്കാരായ ജനങ്ങളും റോഡുകളില്‍ വന്ന ബുദ്ധിമുട്ടുകള്‍ ഏറ്റെടുത്ത് പദ്ധതിയെ വിജയിപ്പിക്കാന്‍ മുന്‍നിരയില്‍ നിന്നതായി സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. ജലനിധിക്കുവേണ്ടി പൈപ്പ്‌ലൈന്‍ കീറിയ റോഡുകളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂട്ടി വകുപ്പുകളിലേക്ക് അടച്ചിട്ടുള്ളത് പതിനഞ്ചരക്കോടിയോളം രൂപയാണ്.

RELATED STORIES

Share it
Top