ജലനിധി പദ്ധതി വേഗത്തിലാക്കാന്‍ നടപടി

തേഞ്ഞിപ്പലം: കുടിവെള്ളക്ഷാമം രൂക്ഷമായ മൂന്നിയൂര്‍, ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തുകളിലെ ജലനിധി പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ സത്വര നടപടിയെന്ന് മന്ത്രിയുടെ ഉറപ്പ്. മൂന്നിയൂര്‍ ജലനിധി പദ്ധതി സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടിയും മുന്‍ഗണന നല്‍കി നടപ്പിലാക്കുമെന്നും ചേലേമ്പ്ര ജലനിധി പദ്ധതിയിലെ എല്ലാ ഉപഭോക്താക്കള്‍ക്കും  കുടിവെള്ളം എത്തിക്കുന്നതിനാവശ്യമായ ജലസംഭരണി നിര്‍മിക്കുന്നത് ഉള്‍പ്പെടെ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും  ജലവിഭവ മന്ത്രി മാത്യു ടി തോമസ് പി അബ്ദുല്‍ ഹമീദ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി നിയമസഭയില്‍ ഉറപ്പ് നല്‍കി.
മൂന്നിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഗുണഭോക്ത വിഹിതം അടച്ച 6000 ത്തോളം പേരടങ്ങുന്ന പദ്ധതിയുടെ ഡിപിആറിന് അംഗീകാരം ലഭിച്ചിട്ടും  സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടിയും  വേഗത്തിലാക്കണമെന്നാണ് ഇന്നലെ നിയമസഭയില്‍ എംഎല്‍എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടത്. കൂടാതെ ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന ജലനിധി പദ്ധതിക്ക് 3008 ഉപഭോക്താക്കള്‍ പണം അടച്ചിട്ടുണ്ട്. അതില്‍ 1153 പേര്‍ക്കാണ് വെള്ളം ലഭിച്ചത്.
ബാക്കി ഉപഭോക്താക്കള്‍ക്ക് ശുദ്ധജലം നല്‍കണമെന്നും പദ്ധതിയുടെ തുടക്കത്തില്‍ ഡിസൈന്‍ ചെയ്ത ജലസംഭരണിയും ശുദ്ധീകരണ പ്ലാന്റും ഒഴിവാക്കി വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധീകരിച്ച കിന്‍ഫ്രയുടെ ജലസംഭരണിയില്‍ നിന്ന് നേരിട്ട് ഉപഭോക്താക്കള്‍ക്ക്  കുടിവെള്ളം വിതരണം ചെയ്യാന്‍ ശ്രമിച്ചതാണ് പദ്ധതി ലക്ഷ്യത്തിലെത്താതിരിക്കാന്‍ കാരണമെന്നും എംഎല്‍എ നിയമസഭയില്‍ പറഞ്ഞു.
ആയതിനാല്‍ പണം അടച്ച് കാത്തിരിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും  ശുദ്ധീകരിച്ച കുടിവെള്ളം ഉറപ്പ് വരുത്തുന്നതിന് ജലസംഭരണിയും  ശുദ്ധീകരണ പ്ലാന്റും  നിര്‍മിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
അതേസമയം ഉയര്‍ന്ന പ്രദേശമായതിനാലാണ് കാക്കഞ്ചീരി കിന്‍ഫ്രയില്‍ നിന്നും ജലവിതരണം നേരിട്ട് നടത്തിയതെന്നും  കിന്‍ഫ്രയുടെ ജലസംഭരണിയില്‍ നിന്ന് 150 എംഎം വ്യാസത്തിലുള്ള പൈപ്പ് മാറ്റി 300 എംഎം വ്യാസത്തിലുള്ള പൈപ്പാക്കി മാറ്റാന്‍ തത്വത്തില്‍ കിന്‍ഫ്ര അനുവദിച്ചിട്ടുണ്ടെന്നും  ഇപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ എല്ലാവര്‍ക്കും വെള്ളം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ആവശ്യമാണെന്ന് കണ്ടാല്‍ പുതുതായി കിന്‍ഫ്ര പരിസരത്ത് തന്നെ ജലസംഭരണി നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top