ജലദിനത്തിലും വാട്ടര്‍ അതോറിറ്റി ഓഫിസിനു മുന്നില്‍ പ്രളയം

വാണിമേല്‍: പുറമേരി കെഡബ്ല്യൂഎ സെക്ഷന്‍ ഓഫിസിന് ഒരു വിളപ്പാടകലെ തലായി തെക്കയില്‍ മുക്കില്‍ ആറ് മാസത്തിലധികമായി കുടിവെള്ളം റോഡിലൂടെ ഒഴുകുകയാണ്. ശുദ്ധീകരണ ശാലയില്‍ നിന്ന് വിവിധ പഞ്ചായത്തുകളിലെ സംഭരണിയിലേക്ക് പോകുന്ന പൈപ്പിലെ വാല്‍വിനാണ് തകരാറ്.
ജല ചോര്‍ച്ച പലവട്ടം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് പരിസരവാസികള്‍ പറയുന്നു.വടകര റോഡിലേക്കും നാദാപുരം റോഡിലേക്കും നൂറ് മീറ്ററിലധികം ദൂരത്തിലാണ് വെള്ളം ഒഴുകുന്നത്. അധികൃതര്‍ക്ക് പരാതിപ്പെട്ടിട്ടും തകരാറ് മാറ്റാന്‍  ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. എന്നാല്‍ വന്‍ തുക ഈ ഇനത്തില്‍ മാസാമാസം ചെലവിടുന്നുണ്ടെന്നാണ് വിവരം.
പുറമേരി ശുദ്ധീകരണ ശാലയില്‍ നിന്ന് റോഡിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായെങ്കിലും അതും തടയാന്‍ നടപടികളുണ്ടാകുന്നില്ല. ഓഫിസിന് മുന്നിലൂടെ റോഡിലേക്ക് ഒഴുകുന്ന വെള്ളം വാഹനങ്ങള്‍ക്കും റോഡിനും ഭീഷണിയാണ്. റോഡിന് ഇറക്കമായതിനാല്‍ ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തെന്നി വീഴുന്നതായി പരാതിയുണ്ട്.
ശുദ്ധീകരണ ശാലയിലെ സംഭരണിയില്‍ നിന്നാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. പുഴയില്‍ നിന്ന് സംഭരിച്ച് ശുദ്ധീകരണ പ്രക്രിയ കഴിഞ്ഞ് ശുദ്ധജലമാക്കുമ്പോഴേക്കും വന്‍ സാമ്പത്തിക ചെലവ് വരുമെങ്കിലും റോഡിലൂടെ ഒഴുക്കുന്നതിന് അധികൃതര്‍ക്ക് യാതോരു മടിയുമില്ല. പല കുടുംബവും വെള്ളത്തിനായി പ്രയാസപ്പെടുമ്പോഴാണിത്. പുറമേരി സെക്ഷന് കീഴില്‍ പല സ്ഥലത്തും ചോര്‍ച്ചയുണ്ട്. ഇത് നോക്കാനും നേരെയാക്കാനും ആരും ശ്രദ്ധിക്കുന്നില്ല.
സംസ്ഥാന പാതയില്‍ ചേലക്കാട് ടൗണ്‍ പരിസരത്ത് ഒരാഴ്ച്ചയോളമായി പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാണെങ്കിലും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല.

RELATED STORIES

Share it
Top