ജലജാ സുരന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ഹരിപ്പാട്: പ്രമാദമായ മുട്ടം ജലജാസുരന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.2015 ആഗസ്റ്റ് 13 ന് പകല്‍ 1.30 നും 2 നും ഇടയിലാണ് വീട്ടമ്മയായ മുട്ടം ഭാരതിയില്‍ ജലജാ സുരന്‍ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ മുട്ടം പീടിക പറമ്പില്‍ സജിത് (37) ആണ് പ്രതി.
കൃത്യം നടന്ന് രണ്ടര വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസാണ് പിന്നീട് ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്റെ നേതൃത്വത്തില്‍ സമര്‍ത്ഥമായി അന്വേഷിച്ച് പ്രതിയെ പിടികൂടിയത്. ഷാര്‍ജയിലായിരുന്ന പ്രതിയെ  ജോലി ചെയ്തിരുന്ന കമ്പനി മുഖാന്തിരം ബന്ധപ്പെട്ട് തന്ത്രപരമായി നാട്ടിലെത്തിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഡിസംബര്‍ 24 ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലപ്പെട്ട ജലജയുടെ വീട്ടിലെ ഡ്രൈവറായ രാജുവിന്റെ സുഹൃത്താണ് സജിത്. ഫോട്ടോഗ്രാഫറായ പ്രതിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. വീട്ടമ്മയായ ജലജയെ കീഴ്‌പ്പെടുത്തുവാന്‍ ശ്രമിക്കുകയും എതിര്‍പ്പിനെ തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നു.കേസന്വേഷണത്തിന്റെ ഭാഗമായി 2500 പേരുടെ വിരലടയാളം ശേഖരിച്ചിരുന്നു. കൂടാതെ പല നിരപരാധികളും ലോക്കല്‍ പോലിസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരകളാവുകയും ചെയ്തിരുന്നു.
കൊലപാതകം നടന്ന ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ കായംകുളത്ത് ആണെന്ന് പറഞ്ഞ പ്രതി  ജലജയുടെ വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു.
കൃത്യം നടന്ന ദിവസം പ്രദേശത്തെ മൊബൈല്‍ ടവര്‍ പരിധിയിലുണ്ടായിരുന്നതായും തെളിഞ്ഞിരുന്നു. കഴിഞ്ഞ 79 ദിവസമായി ഇയാള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്.പോളിഗ്രാഫ് ടെസ്റ്റ് നടത്തുന്നതിന് വേണ്ടി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top