ജലം സുലഭം പദ്ധതി; 800 തടയണകളുടെ നിര്‍മാണം തുടങ്ങി

ഇരിട്ടി: പായം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമായി  പഞ്ചായത്തിലെ എല്ലാ വര്‍ഡുകളിലുമായി ജനകീയ കൂട്ടായ്മയില്‍ 800ഓളം തടയണകള്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങി. ഹരിത മിഷന്റെ ഒന്നാം വാര്‍ഷിക ഭാഗമായി പഞ്ചായത്തിലെ 18 വാര്‍ഡുകളിലും വാര്‍ഡുതല ഹരിത സംഗമത്തിന്റെ ഭാഗമായാണ് തടയണ നിര്‍മാണം. പഞ്ചായത്തിലൂടെ ഒഴുകുന്ന ചെറുതും വലുതുമായ 31 തോടുകളിലാണ് ജനകീയ കൂട്ടായ്മയില്‍ തടയണ നിര്‍മിക്കുന്നത്. 50 മുതല്‍ 100 മീറ്റര്‍ നീളത്തില്‍ മൂന്നടി ഉയരത്തിലാണ് തടയണ നിര്‍മാണം. പുഴയിലേക്ക് ഒഴുകിപ്പോവുന്ന വെള്ളം പരമാവധി തടഞ്ഞുനിര്‍ത്തി കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കുകയാണ് ലക്ഷ്യം. തടയണ നിര്‍മാണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം വിളമനയില്‍ സണ്ണിജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡ ന്റ് എന്‍ അശോകന്‍ അധ്യക്ഷത വഹിച്ചു. മാടത്തിയില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചീങ്ങാക്കുണ്ടത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 18 വാര്‍ഡുകളിലും ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെയും കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ മറ്റ് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി 2000 ത്തോളം പേരുടെ കൂട്ടായ്മയില്‍ 1682 മീറ്റര്‍ നീളത്തില്‍ തട്ട് തിരിക്കുകയും 860 മഴക്കുഴികള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top