ജറുസേലം: യുഎന്‍ പ്രമേയത്തെ സ്വാഗതം ചെയ്ത് പോപുലര്‍ഫ്രണ്ട്

ന്യൂഡല്‍ഹി: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് നീക്കത്തിനെതിരായ യുഎന്‍ പ്രമേയം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ സ്വാഗതം ചെയ്തു. യുഎന്‍ പൊതുസഭയില്‍ ഒമ്പതു രാജ്യങ്ങളുടെ എതിര്‍ത്തപ്പോള്‍ 128 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്.പശ്ചിമേഷ്യയിലേ ഇസ്രായേലിന്റെയും യുഎസിന്റെയും കോളനി പദ്ധതികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് പ്രമേയം. ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ശക്തമായ അഭിപ്രായ സമന്വയം രൂപപ്പെടുന്നതാണ് ഇതിലൂടെ ദൃശ്യമാവുന്നത്. ഡോണള്‍ഡ് ട്രംപിന്റെ പ്രത്യക്ഷ ഭീഷണി ഉണ്ടായിട്ടും ശക്തമായ എതിര്‍പ്പാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍നിന്നുണ്ടായത്. മറ്റു രാജ്യങ്ങളില്‍ വ്യക്തമായ പിന്തുണ നേടുന്നതില്‍ യുഎസ് പരാജയപ്പെട്ടു. മേഖലയിലെ അവരുടെ സാമ്രാജ്യത്വ അഭിലാഷങ്ങള്‍ കൂടുതല്‍കാലം ലോകം വകവച്ച് നല്‍കില്ലെന്ന വ്യക്തമായ സന്ദേശമാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ച വോട്ടുകള്‍.

അറബ് മേഖലയിലെ അധിനിവേശവും നിഷ്‌കളങ്കരായ ജനങ്ങളുടെ കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ ഇരുരാജ്യത്തിന്റെയും നേതാക്കള്‍ക്കുള്ള സമയമാണിത്. പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത ഇന്ത്യന്‍ നിലപാടിനെ ഇ അബൂബക്കര്‍ സ്വാഗതം ചെയ്തു. യുഎസിന്റ ആഗ്രഹത്തിനു വിരുദ്ധമായി വോട്ട് ചെയ്തതിലൂടെ ഫലസ്തീന്‍ സ്വാതന്ത്ര്യത്തിന് അനുകൂലമായുള്ള മൗലിക നിലപാട് ഉയര്‍ത്തിപ്പിടിച്ചുവെന്ന് മാത്രമല്ല തങ്ങളുടെ നയങ്ങള്‍ സൂപ്പര്‍ ശക്തികളുടെ സ്വാധീനത്തിനു വഴങ്ങിയല്ലെന്നുള്ളതിനുള്ള വ്യക്തമായ സന്ദേശവുമാണ്. വിദേശകാര്യ നയങ്ങളില്‍ ഭാവിയിലും രാജ്യത്തിന്റെ പരമാധികാര, സ്വതന്ത്ര്യ നിലപാട് ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

RELATED STORIES

Share it
Top