ജറുസലേമിലേക്കുള്ള എംബസി മാറ്റം മൂന്നുമാസത്തിനകം: യുഎസ്

വാഷിങ്ടണ്‍: ഈ വര്‍ഷം മെയില്‍ എംബസി ജറുസലേമിജറുസലേമിലേക്ക് മാറ്റുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ്. ഇസ്രായേലിലെ എംബസി തെല്‍അവീവില്‍ നിന്ന്് ജറുസലേമിലേക്കു മാറ്റാനുള്ള യുഎസിന്റെ തീരുമാനത്തിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയും പ്രതിഷേധത്തിനു കാരണമായിരുന്നു.
ഇസ്രായേല്‍ രാഷ്ട്രരൂപീകരണത്തിന്റെ 70ാം വാര്‍ഷികദിനമായ മെയ് 14നോട് അനുബന്ധിച്ചാവും എംബസിമാറ്റമെന്നാണു കരുതുന്നത്. ആദ്യഘട്ടത്തില്‍ നിലവില്‍ ജറുസലേമിലുള്ള യുഎസ് കോണ്‍സുലേറ്റാവും എംബസിയാക്കി മാറ്റുകയെന്നും പിന്നീട് പുതിയ കെട്ടിടത്തിലേക്കു മാറുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോണ്‍സുലേറ്റ് കെട്ടിടത്തില്‍ യുഎസ് എംബസി എന്ന ബോര്‍ഡ് സ്ഥാപിക്കുന്ന പ്രവൃത്തി മാത്രമാവും മെയിലുണ്ടാവുകയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ ഡിസംബറില്‍ ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചപ്പോള്‍ യുഎസ് എംബസിയും അവിടേക്കു മാറ്റുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 2019ഓടെ മാത്രമേ എംബസി മാറ്റം യാഥാര്‍ഥ്യമാവുകയുള്ളൂ എന്നായിരുന്നു പിന്നീട് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞത്. ഇതിനു വിരുദ്ധമായി എംബസി മാറ്റം നേരത്തേയാക്കാനാണ് യുഎസിന്റെ നീക്കം.
അതേസമയം, എംബസി മാറ്റാനുള്ള യുഎസ് നീക്കത്തെ ഫലസ്തീന്‍ നേതാക്കള്‍ അപലപിച്ചു. എംബസി ജറുസലേമിലേക്കു മാറ്റുന്നതിലൂടെ യുഎസ് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കു—കയാണെന്ന് ഫലസ്തീന്‍ വിമോചനപ്രസ്ഥാനം (പിഎല്‍ഒ) നേതാവ് സാഅബ് അറെകാത് അഭിപ്രായപ്പെട്ടു. ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നപരിഹാരശ്രമങ്ങള്‍ തകരാന്‍ ഇതു കാരണമാവും. അറബ് ലോകത്തിനെതിരായ യുഎസിന്റെ പ്രകോപനമാണിതെന്നും അറെകാത് പറഞ്ഞു. യുഎസിന്റെ നടപടി ഏകപക്ഷീയമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബുര്‍ദൈനാ അഭിപ്രായപ്പെട്ടു. മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള നീക്കങ്ങളില്‍ വിലങ്ങുതടിയാവുകയാണ് യുഎസിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതും സമാധാനശ്രമങ്ങളെ തകര്‍ക്കുന്നതുമാണെന്ന് തുര്‍ക്കി പ്രതികരിച്ചു. ജറുസലേമുമായി ബന്ധപ്പെട്ട യുഎന്‍ രക്ഷാസമിതി പ്രമേയങ്ങളും എംബസി മാറ്റത്തിലൂടെ യുഎസ് ലംഘിക്കുന്നതായി തുര്‍ക്കി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
യുഎസിന്റെ പുതിയ തീരുമാനത്തിന്റെ പേരില്‍ തന്റെ സുഹൃത്ത് ട്രംപിനു നന്ദി പറയുന്നതായി ഇസ്രായേല്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പ്രതികരിച്ചു. ഇതിനേക്കാള്‍ നല്ലൊരു സമ്മാനം ലഭിക്കാനില്ലെന്നും ഏറ്റവും നീതിയുക്തവും അനുയോജ്യവുമായ തീരുമാനമാണിതെന്നും കാറ്റ്‌സ് പറഞ്ഞു.

RELATED STORIES

Share it
Top