ജറുസലേം വില്‍പന വസ്തുവല്ല: മഹ്മൂദ് അബ്ബാസ്

ജറുസലേം: സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയെ അപലപിച്ച് ഫലസ്തീന്‍ നേതാക്കള്‍. ജറുസലേം വില്‍പന വസ്തുവല്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചു. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാണ് ജറുസലേം. സ്വര്‍ണത്തിനോ പണത്തിനോ വേണ്ടി വില്‍ക്കാനുള്ളതല്ല അത്-  മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദെയ്‌ന എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.
2014ല്‍ തടസ്സപ്പെട്ട സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ഫലസ്തീന്‍ എതിരല്ല. പക്ഷേ 1967ല്‍ ഇസ്രായേല്‍ വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും ഗസ മുനമ്പും കൈയേറുന്നതിനു മുമ്പുള്ള തരത്തിലാവണം അവരുടെ രാഷ്ട്രം രൂപീകരിക്കേണ്ടതെന്ന് നബീല്‍ അബു റുദെയ്‌ന വ്യക്തമാക്കി. സമാധാന ശ്രമങ്ങളെ യുഎസ് ഗൗരവമായി കാണുന്നുണ്ടെങ്കില്‍ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളെ ഭീഷണിപ്പെടുത്താനാവില്ലെന്ന് ഫലസ്തീന്‍ വിമോചന പ്രസ്ഥാനം നിര്‍വാഹക സമിതി അംഗം ഹനാന്‍ അഷ്‌റവി പ്രതികരിച്ചു. അതേസമയം, ഇസ്രായേലിലെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിലെ അംഗങ്ങള്‍ ട്രംപിന്റെ അഭിപ്രായത്തെ പ്രശംസിച്ചു.
ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ സഹായനിധി (യുഎന്‍ഡബ്ലൂആര്‍എ) വഴിയുള്ള സഹായം വെട്ടിക്കുറയ്ക്കണമെന്നാണ് ട്രംപ് തന്റെ ട്വീറ്റില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, സംഘടനയ്ക്ക് നല്‍കുന്ന സംഭാവന വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് യുഎസില്‍ നിന്ന് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് യുഎന്‍ഡബ്ല്യുആര്‍എ വക്താവ് ക്രിസ് ഗന്നെസ് പറഞ്ഞു. യുഎന്‍ഡബ്ല്യുആര്‍എയിലേക്കുള്ള സംഭാവനകള്‍ പകുതിയായി കുറയ്ക്കണമെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

RELATED STORIES

Share it
Top