ജറുസലേം ഫലസ്തീന്‍ തലസ്ഥാനമായി ഒഐസി അംഗീകരിച്ചു

ഇസ്താംബൂള്‍: ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍(ഒഐസി) അധിനിവേശ കിഴക്കന്‍ ജറുസലേമിനെ ഫലസ്തീന്‍ തലസ്ഥാനമായി അംഗീകരിച്ചു. ലോകരാജ്യങ്ങള്‍ ഫലസ്തീനെ രാജ്യമായും  ജറുസലേമിനെ തലസ്ഥാനമായും  അംഗീകരിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.  ഇന്നലെ  ഇസ്താംബൂളില്‍  വിളിച്ചുചേര്‍ത്ത,  57 അറബ് രാജ്യങ്ങള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ ഐകകണ്‌ഠ്യേനയായിരുന്നു തീരുമാനം.  വിഷയം യുഎന്‍ പൊതു സഭയില്‍ ഉന്നയിക്കാനും അറബ് നേതാക്കള്‍ തീരുമാനിച്ചു.  യുഎസിന്റെ നടപടി നിയമസാധുതയില്ലാത്തതാണെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്രായേല്‍ ഭീകരരാഷ്ട്രമാണെന്ന വാദം ആദ്ദേഹം ആവര്‍ത്തിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് യുഎസ് സ്വയം അയോഗ്യരാക്കപ്പെട്ടതായി ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് അഭിപ്രായപ്പെട്ടു. ഇനി പ്രശ്‌നത്തില്‍ യുഎസിന്റെ മധ്യസ്ഥം ഫലസ്തീന്‍ അംഗീകരിക്കില്ലെന്നും അബ്ബാസ് വ്യക്തമാക്കി. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് ട്രംപിന്റെ തീരുമാനത്തെ അറബ് നേതാക്കള്‍ തള്ളിയതായി ഒഐസി സെക്രട്ടറി യൂസഫ് അല്‍ ഉതൈമീം അറിയിച്ചു.  പ്രഖ്യാപനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് പശ്ചിമേഷ്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അസ്വസ്ഥതയ്ക്കു കാരണമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top