ജറുസലേം ഇസ്രയേല്‍ തലസ്ഥാനം; അമേരിക്കന്‍ തീരുമാനം പിന്‍വലിക്കണമെന്ന് അറബ് ലീഗ്

കയ്‌റോ: ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ തീരുമാനം പിന്‍വലിക്കണമെന്ന് അറബ് ലീഗ്. കയ്‌റോയില്‍ നടന്ന നീണ്ട ചര്‍ച്ചക്കുശേഷമാണ് അറബ് ലീഗ് തീരുമാനം പ്രഖ്യാപിച്ചത്. പശ്ചിമേഷ്യന്‍ സമാധാനത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇനി അമേരിക്കക്ക് യോഗ്യതയില്ലെന്നും മേഖലയില്‍ സംഘര്‍ഷം കൂട്ടാനേ അമേരിക്കന്‍ നടപടി ഉപകരിക്കൂവെന്നും അമേരിക്കന്‍ സഖ്യകക്ഷികളായ സൗദി അറേബ്യയും ജോര്‍ദാനുമടക്കമുള്ളവര്‍ ആരോപിച്ചു.അമേരിക്കന്‍ നിലപാടിനെതിരെ ലബനനിലും ഇന്തോനേഷ്യയിലും പ്രതിഷേധം ശക്തമായി. ട്രംപിന്റെ നടപടി ഭീകരവാദത്തിനെതിരായുള്ള സംയുക്ത പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നാണ് വിലയിരുത്തല്‍. നടപടി ഇറാന് കൂടുതല്‍ പ്രചോദനമാകുമെന്നും സുന്നി അറബ് രാജ്യങ്ങള്‍ ഭയപ്പെടുന്നു. പ്രതിഷേധം തുടരുന്ന ആയിരക്കണക്കിന് പലസ്തീന്‍ അഭയാര്‍ത്ഥികളുള്ള ലബനണില്‍ പൊലിസ് പ്രകടനക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.
എന്നാല്‍ ചെക് പ്രസിഡന്റ് മിലോസ് സിമന്‍ ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. തീരുമാനത്തെ എതിര്‍ത്ത യൂറോപ്യന്‍ യൂനിയന്‍ നേതാക്കളെ ഭീരുക്കള്‍ എന്ന് വിശേഷിപ്പിച്ച സിമന്‍ യൂറോപ്യന്‍ യൂനിയന്‍ വിരുദ്ധനും കുടിയേറ്റവിരുദ്ധനുമായാണ് അറിയപ്പെടുന്നത്.

RELATED STORIES

Share it
Top