ജര്‍മന്‍ ജനതയെ അധിക്ഷേപിച്ച് ഡോണള്‍ഡ് ട്രംപ്‌

ബെര്‍ലിന്‍: മറ്റു രാജ്യങ്ങളെ കുറിച്ചുള്ള ട്രംപിന്റെ വിവാദ പ്രസ്താവനകള്‍ തുടരുന്നു. ജര്‍മനിക്കെതിരേയാണ് ഏറ്റവുമൊടുവിലായി ട്രംപ് മോശം പരാമര്‍ശം നടത്തിയത്. ജര്‍മനിക്കാര്‍ വളരെ മോശക്കാരാണെന്നു ട്രംപ് പറഞ്ഞതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യുഎസ്-ജര്‍മനി സഖ്യം വിപുലപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് പരാമര്‍ശം പുറത്തുവന്നത്. ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ യൂറോപ്യന്‍ യൂനിയന്‍ ഉദ്യോഗസ്ഥരുമായി അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് ട്രംപിന്റെ പരാമര്‍ശമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സ്പീഗെല്‍ ഓണ്‍ലൈനാണ് ആദ്യം ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. മറ്റു മാധ്യമങ്ങളും ഇക്കാര്യം ഏറ്റെടുത്തതോടെ രാജ്യത്ത് വിവാദം കനക്കുകയാണ്. ജര്‍മനിക്കാര്‍ മോശക്കാരാണ്. വളരെ മോശക്കാരാണ്. യുഎസില്‍ ഓടുന്ന ലക്ഷക്കണക്കിന് ജര്‍മന്‍ കാറുകളെ നോക്കൂ. നമുക്ക് ഇത് അവസാനിപ്പിക്കണം എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ഇക്കാര്യം നിഷേധിച്ചു. ജര്‍മന്‍ ഉല്‍പന്നങ്ങള്‍ വിപണി കീഴടക്കുന്നതിലെ ആശങ്ക മാത്രമാണ് ട്രംപ് പങ്കുവച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വൈറ്റ്ഹൗസും ജര്‍മന്‍ അധികൃതരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

RELATED STORIES

Share it
Top