ജര്‍മനി ഭയക്കണം; എതിരാളികള്‍ നിസ്സാരരല്ലലോകകപ്പിനായുള്ള കാത്തിരിപ്പിന് ഇനി 36 നാള്‍ ദൂരം. അരയും തലയും മുറുക്കി ഓരോ ടീമും കാല്‍പന്തിലെ രാജാവാകാന്‍ തയ്യാറെടുക്കുകയാണ്. നിലവിലെ ലോകചാംപ്യന്‍മാരായ ജര്‍മനിയോടൊപ്പം ഗ്രൂപ്പ് എഫില്‍ ഇറങ്ങുന്ന മെക്‌സിക്കോയും സ്വീഡനും കൊറിയ റിപ്ലബിക്കും പ്രതീക്ഷയോടെയാണ് റഷ്യന്‍ ലോകകപ്പിനെ കാണുന്നത്. ഗ്രൂപ്പില്‍ അട്ടിമറിക്കാന്‍ പ്രഹരശേഷിയുള്ള മെക്‌സിക്കോയും സ്വീഡനുമെല്ലാം ബൂട്ടണിഞ്ഞിറങ്ങുമ്പോള്‍ ഗ്രൂപ്പ് എഫില്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.

മെക്‌സിക്കോ

ഗ്രൂപ്പില്‍ ജര്‍മനിക്ക് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീമാണ് മെക്‌സിക്കോ. 1923ല്‍ അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് വരവറിയിച്ച മെക്‌സിക്കോ ഇത് 16ാം തവണയാണ് ലോകകപ്പ് ഫുട്‌ബോളില്‍ പന്ത് തട്ടാനിറങ്ങുന്നത്. അരങ്ങേറ്റ ലോകകപ്പില്‍ത്തന്നെ മെക്‌സിക്കോ സാന്നിധ്യമറിയിച്ചെങ്കിലും ഇതുവരെ കിരീടത്തിലേക്കെത്താന്‍ കഴിഞ്ഞിട്ടില്ല. 1970, 1986 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചതാണ് ടീമിന്റെ പ്രധാന ലോകകപ്പ് നേട്ടം. കോണ്‍കകാഫ് കപ്പില്‍ 10 തവണ കിരീടം ചൂടിയ മെക്‌സിക്കോ കോപ അമേരിക്കയില്‍ രണ്ടുവട്ടം റണ്ണേഴ്‌സപ്പുമായി (1993, 2001). 1999ലെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ മെക്‌സിക്കോ കിരീടം ചൂടിയിട്ടുണ്ട്.അവസാനം കളിച്ച ആറ് ലോകകപ്പിലും ഗ്രൂപ്പ്ഘട്ടം മെക്‌സിക്കോ കടന്നിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണയും ഗ്രൂപ്പ്ഘട്ടം അനായാസം മെക്‌സിക്കോ കടക്കുമെന്നാണ് പ്രവചനം. വേഗതകൊണ്ട് എതിരാളികളുടെ കണുക്കൂട്ടലുകളെ തെറ്റിക്കുന്ന മെക്‌സിക്കോ നിരയില്‍ പ്രമുഖ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങളുടെ അഭാവമുണ്ട്. 143 മല്‍സരങ്ങള്‍ കളിച്ച റാഫേല്‍ മാര്‍ക്യൂസാണ് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരം. മിഡ്ഫീല്‍ഡര്‍ ജിയോവനി ഡോസ് സാന്റോസും (102 ) മെക്‌സിക്കോയുടെ പ്രതീക്ഷാ താരമാണ്. പോര്‍ട്ടോയ്ക്ക് വേണ്ടി കളിക്കുന്ന ഹെക്ടര്‍ ഹെരേരയേയും എതിരാളികള്‍ കരുതിയിരിക്കേണ്ട താരമാണ്.ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മല്‍സരങ്ങളിലും പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് മെക്‌സിക്കോ പുറത്തെടുത്തത്. ബോസ്‌നിയയെ 1-0നും ഐസ്‌ലാന്‍ഡിനെ 3-0നും തോല്‍പ്പിച്ച മെക്‌സിക്കോയ്ക്ക് പക്ഷേ ക്രൊയേഷ്യയോട് 1-0ന് തോല്‍ക്കേണ്ടി വന്നു. കോളംബിയന്‍ മുന്‍ താരമായിരുന്ന ജുവാന്‍ കാര്‍ലോസ് ഒസോറിയോയുടെ പരിശീലനത്തിന് കീഴില്‍ ബൂട്ടണിയുന്ന മെക്‌സിക്കോ ജര്‍മനിക്ക് വലിയ ഭീഷണി തന്നെ ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.

സ്വീഡന്‍
ഫിഫ റാങ്കിങില്‍ 23ാം സ്ഥാനത്തുള്ള സ്വീഡനും എഫ് ഗ്രൂപ്പിലെ വമ്പന്‍ ശക്തികളാണ്. 1908ല്‍ത്തന്നെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ സാന്നിധ്യമറിയിച്ച സ്വീഡന്‍ അത് 12ാം തവണയാണ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നത്. 1934ലായിരുന്നു സ്വീഡന്‍ ആദ്യമായി ലോകകപ്പ് കളിച്ചത്. അന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച സ്വീഡന്‍ പിന്നീട് കളിച്ച ലോകകപ്പുകളിലെല്ലാം ശക്തമായ വെല്ലുവിളിതന്നെ എതിരാളികള്‍ക്ക് ഉയര്‍ത്തി. 1938ല്‍ നാലാം സ്ഥാനം സ്വന്തമാക്കിയ സ്വീഡന്‍ 1950ല്‍ മൂന്നാം സ്ഥാനവും അക്കൗണ്ടിലാക്കി. 1954ല്‍ യോഗ്യത നേടാന്‍ കഴിയാതിരുന്നതിന്റെ ക്ഷീണം 1958ല്‍ റണ്ണേഴ്‌സപ്പായാണ് സ്വീഡന്‍ തീര്‍ത്തത്. പിന്നീട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന സ്വീഡന്‍ 1994ലെ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടി വീണ്ടും കരുത്തുകാട്ടി.  2010ലും 2014ലും യോഗ്യത നേടാന്‍ കഴിയാതിരുന്ന സ്വീഡന്‍ ഇത്തവണ യൂറോപില്‍ നിന്ന് യോഗ്യത നേടി റഷ്യയിലേക്കെത്തുമ്പോള്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയാവുമെന്നുറപ്പാണ്. യൂറോപ്പില്‍ നിന്ന് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ്  സ്വീഡന്‍ ലോകകപ്പിന് യോഗ്യത നേടിയത്. നിര്‍ണായക മല്‍സരത്തില്‍ കരുത്തരായ ഇറ്റലിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് സ്വീഡന്‍ ലോകകപ്പിന് ടിക്കറ്റെടുത്തത്. ആദ്യ പാദ പ്ലേ ഓഫില്‍ നേടിയ ഒരു ഗോള്‍ ജയം സ്വീഡന് കരുത്തായപ്പോള്‍ ഇറ്റലിക്ക് റഷ്യയിലേക്ക് യോഗ്യതയും നിഷേധിക്കപ്പെട്ടു. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മല്‍സരങ്ങളില്‍ അത്ര മികച്ചതായിരുന്നില്ല സ്വീഡന്റെ പ്രകടനം. ഡെന്‍മാര്‍ക്കിനോട് 1-0ന് ജയിച്ചെങ്കിലും റൊമാനിയയോടും ചിലിയോടും സ്വീഡന്‍ മുട്ടുമടക്കി. ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിസ്റ്റാണ് സ്വീഡന്റെ കുന്തമുന. 2017ല്‍ സ്വീഡന്‍ ബെസ്റ്റ് ഫുട്‌ബോള്‍ പുരസ്‌കാരം  ഗ്രാന്‍ക്വിസ്റ്റിനായിരുന്നു.

ദക്ഷിണ കൊറിയ
ഫിഫ റാങ്കിങില്‍ 61ാം സ്ഥാനക്കാരായ ദക്ഷിണ കൊറിയ ഗ്രൂപ്പ് ഘട്ടം കടക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും അങ്ങനെ എഴുതിത്തള്ളാന്‍ കഴിയുന്ന കളിക്കരുത്തല്ല കൊറിയയുടേത്. 1948ല്‍ ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരം കളിച്ച കൊറിയ 10ാംതവണ ലോകകപ്പിന് യോഗ്യത നേടിയെത്തുമ്പോള്‍ എഫ് ഗ്രൂപ്പിലെ വമ്പന്‍മാര്‍ കരുത്തിത്തന്നെ ഇരിക്കണം. 1954ല്‍ ആദ്യമായി ലോകകപ്പ് കളിച്ച കൊറിയ 2002ല്‍ എതിരാളികളെയെല്ലാം ഞെട്ടിച്ച് നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ടോട്ടനത്തിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സണ്‍ ഹ്യൂങ് മിന്നാണ് കൊറിയയുടെ വജ്രായുധം.പരിചയസമ്പന്നനായ കി സ്യൂങ് യൂങും ലീ കീന്‍ ഹോയും കൊറിയയുടെ പ്രതീക്ഷയാണ്. എന്തായാലും ശക്തമായ ഗ്രൂപ്പില്‍ പൊരുതിനോക്കാനുറച്ച് കൊറിയയും ഇറങ്ങുമ്പോള്‍ ഗ്രൂപ്പ് എഫിലെ പോരാട്ടങ്ങളുടെ ആവേശം ഇരട്ടിക്കും.

RELATED STORIES

Share it
Top