ജയ ബച്ചനെതിരായ നരേഷ് അഗര്‍വാളിന്റെ പരാമര്‍ശം: അംഗീകരിക്കാനാകില്ലെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്ന് മിനുറ്റുകള്‍ക്കുള്ളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നരേഷ് അഗര്‍വാളിനെതിരെ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന നരേഷ് അഗര്‍വാളിനെ സ്വാഗതം ചെയ്ത സുഷമ, പക്ഷേ ജയ ബച്ചനെ നൃത്തക്കാരി എന്ന് വിശേഷിപ്പിച്ചത് അസംബന്ധമാണെന്നു പറഞ്ഞു. അത്തരത്തിലുള്ള കമന്റ് അനുചിതമായിപ്പോയെന്നും അത് സ്വീകാര്യമല്ലെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.അതേസമയം, നരേഷ് അഗര്‍വാളിനെതിരെ സ്മൃതി ഇറാനിയും രംഗത്തെത്തി. സ്ത്രീകളെ അപമാനിച്ചാല്‍ പാര്‍ട്ടിക്കതീതമായി ഒന്നിച്ചു നിന്ന് പ്രതികരിക്കുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
ഇന്നലെയാണ് നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നത്. ജയബച്ചന് രാജ്യസഭ സീറ്റ് നല്‍കിയ സമാജ് വാദിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് നരേഷ് ബിജെപിയില്‍ ചേര്‍ന്നത്. 'എന്റെ ടിക്കറ്റ് ബോളിവുഡ് സിനിമകളില്‍ ഡാന്‍സ് ചെയ്യുന്നയാള്‍ക്ക് കൊടുത്തു. ഇത് വേദനാജനകമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എന്റെ മകന്‍ ബിജെപിക്ക് വോട്ട് ചെയ്യും.' എന്നിങ്ങനെയായിരുന്നു നരേഷ് അഗര്‍വാളിന്റെ പ്രസ്താവന.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി നരേഷ് അഗര്‍വാള്‍ രംഗത്തെത്തി. ആരെയും വിഷമിപ്പിക്കാനല്ല, പറഞ്ഞതെന്ന് നരേഷ് അഗര്‍വാള്‍ പിന്നീട് പ്രതികരിച്ചു.

RELATED STORIES

Share it
Top