ജയ് കിസാന്‍

മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ചു. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്. ആവശ്യങ്ങളെല്ലാം രണ്ടു മാസം കൊണ്ട് പരിഹരിക്കുമെന്നാണ് കര്‍ഷക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ പ്രക്ഷോഭകരുമായി കരാറിലെത്തി.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷകനേതാക്കളുമായി ചര്‍ച്ച നടന്നത്. 12 കര്‍ഷകനേതാക്കളും ആറ് സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തു. സമരത്തിന്റെ രൂക്ഷത ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് തയ്യാറായത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റ് വളയാനായിരുന്നു പ്രക്ഷോഭകരുടെ തീരുമാനം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചിരുന്നു. ഇവര്‍ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായാണു റിപോര്‍ട്ട്.
കര്‍ഷകരുടെ ആവശ്യങ്ങളെക്കുറിച്ച് പഠിക്കാനും നടപ്പാക്കുന്നതിനും ആറംഗ സമിതിയെ നിയോഗിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 1.5 ലക്ഷം രൂപയുടെ കടാശ്വാസം നല്‍കും. ആദിവാസിഭൂമി സംബന്ധിച്ച തീരുമാനം രണ്ടു മാസത്തിനകം എടുക്കുമെന്നും കര്‍ഷകരുമായുള്ള കരാറില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ഷകരുടെയും ഗോത്രവിഭാഗക്കാരുടെയും ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് നേരത്തേ ഫഡ്‌നാവിസ് അറിയിച്ചിരുന്നു.  നിയമസഭയില്‍ ഇന്നലെ രാവിലെ പ്രതിപക്ഷം പ്രശ്‌നം ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാര്‍ഷിക കടം പൂര്‍ണമായും എഴുതിത്തള്ളണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്.
വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, വിളനാശം സംഭവിച്ചവര്‍ക്ക് ഏക്കറിന് 40,000 രൂപ വീതം നഷ്ടപരിഹാരം അനുവദിക്കുക, സംസ്ഥാനത്തെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. ആദിവാസികള്‍ അടക്കമുള്ള കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ പങ്കാളികളായി.
ഈ മാസം ആറിനാണ് നാസിക്കിലെ സിബിഎസ് ചൗക്കില്‍ നിന്ന് സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 30,000 കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചത്. സിപിഐയും പെസന്റ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയും മാര്‍ച്ചിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. റാലി കടന്നുപോയ ഓരോ പ്രദേശത്തു നിന്നും വന്‍തോതില്‍ ആളുകള്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. ആറുദിവസം കൊണ്ട് നാസിക്കില്‍ നിന്ന് 180 കിലോമീറ്റര്‍ സഞ്ചരിച്ച് തലസ്ഥാനമായ മുംബൈയില്‍ എത്തിച്ചേര്‍ന്ന പദയാത്രയുടെ ഭാഗമായി കര്‍ഷകര്‍ പ്രതിദിനം 30ലധികം കിലോമീറ്റര്‍ വീതമാണ് സഞ്ചരിച്ചത്.
ഞായറാഴ്ച രാത്രി തമ്പടിച്ച സയണിലെ സോമയ്യ മൈതാനത്തു നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കര്‍ഷകര്‍ മാര്‍ച്ച് പുനരാരംഭിച്ചത്. രാവിലെ സിഎസ്ടിക്കു മുന്നിലെ ആസാദ് മൈതാനത്ത് സംഘം എത്തിച്ചേര്‍ന്നു. പത്താംക്ലാസ് പരീക്ഷ നടക്കുന്നതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്തിച്ചേരുന്നതിന് തടസ്സമാവരുതെന്നു കരുതിയാണ് റാലി പുലര്‍ച്ചെ നടത്തിയത്. പ്രക്ഷോഭത്തോടനുബന്ധിച്ച് നഗരത്തില്‍ പോലിസ് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.
കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ കര്‍ഷകര്‍ക്കു പിന്തുണ അറിയിച്ചിരുന്നു. അഹംഭാവം മാറ്റിവച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ഫഡ്‌നാവിസും തയ്യാറാവണമെന്ന് രാഹുല്‍ പറഞ്ഞു. ശിവസേനയും പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചിരുന്നു.

RELATED STORIES

Share it
Top