ജയില്‍ വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

പാറശ്ശാല: ജയില്‍ വാര്‍ഡനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുങ്കടവിള മാരായമുട്ടം ആലത്തൂര്‍ തേക്കേകുഴിവിള വീട്ടില്‍ പരേതനായ ക്രിസ്തുദാസിന്റെയും ശോഭിതയുടെയും മകന്‍ ജോഷിന്‍ ദാസി (27)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിലെ വാര്‍ഡനായിരുന്നു ജോഷിന്‍ ദാസ്.
പെരുങ്കടവിള ആലത്തൂര്‍- കാക്കണം റോഡിന്റെ വശത്ത് നിര്‍മാണം നടന്നുകൊണ്ടിരുന്ന പുതിയ വീട്ടിലെ കിടപ്പുമുറിയില്‍ ഫാനിന്റെ ഹുക്കില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ കൈകള്‍ ബലമായി പിറകില്‍ കെട്ടിയ നിലയിലായിരുന്നു. മരണത്തില്‍ ദുരൂഹതകള്‍ ഉള്ളതായി മാരായമുട്ടം പോലിസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
ജോഷിന്‍ ദാസ് അവിവാഹിതനാണ്. വ്യാഴാഴ്ച രാത്രി ദാസിനെ അന്വേഷിച്ചെത്തിയ ബന്ധു ഷെറിന്‍ രാജാണ് മൃതദേഹം കണ്ട വിവരം നാട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത്. ജോഷിന്‍ ദാസിന്റെ വീക്ക്‌ലി ഓഫ് ദിവസമായിരുന്നു വ്യാഴാഴ്ച. വീടുപണി നടക്കുന്ന കുടുംബവീടിന് അര കിലോമീറ്റര്‍ അകലെയുള്ള വാടകവീട്ടില്‍ നിന്ന് പെരുങ്കടവിളയിലെ തുന്നല്‍ക്കടയില്‍ തയ്ക്കാന്‍ നല്‍കിയ യൂനിഫോം വാങ്ങാനായി ബൈക്കില്‍ പോയ ജോഷിന്‍ ദാസിനെ കാണാത്തതിനാലാണ് വീടുപണിസ്ഥലത്ത് ഷെറിന്‍ രാജ് അന്വേഷിച്ചെത്തിയത്.
വീടിനു മുന്നില്‍ ബൈക്ക് നിര്‍ത്തിയിരിക്കുന്നത് കണ്ട് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടത്. കടയില്‍ നിന്നു വാങ്ങിയ യൂനിഫോം ബൈക്കിന്റെ ബാഗില്‍ സൂക്ഷിച്ചിട്ടുണ്ട്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച ജോഷിന്‍ ദാസിന്റെ ഇരുകൈകളും ശരീരത്തോട് ചേര്‍ത്ത് ബന്ധിച്ച അതേ കയറില്‍ ഫാനിന്റെ ഹുക്ക് വഴി കുരുക്കിട്ട് ജനലഴിയില്‍ ബന്ധിച്ച നിലയിലായിരുന്നു. വായ തുണി കൊണ്ട് മൂടി വട്ടംകെട്ടിയിട്ടുണ്ട്. ഫോണും വാച്ചും തറയില്‍ വീണ നിലയിലുമായിരുന്നു.

RELATED STORIES

Share it
Top