ജയിലുകളെ സര്‍ക്കാരില്‍നിന്നും മോചിപ്പിച്ച് ജുഡീഷ്യറിയുടെ കീഴിലാക്കണം: ടി സിദ്ദീഖ്‌

വടകര: ക്രിമിനലുകളെ മാനസാന്തരത്തിനു വിധേയമാക്കി സാമൂഹ്യ ജീവിതാക്രമത്തിന്റെ ഭാഗമാക്കി മാറ്റേണ്ട ജയിലുകള്‍ ഇന്ന് ക്രിമിനല്‍ ഉല്‍പ്പാദന കേന്ദ്രങ്ങായി മാറിയത് ആശങ്കാജനകമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്. ജയിലുകളില്‍ സിപിഎം തടവുകാര്‍ക്ക് ലഭിക്കുന്ന പ്രത്യേക അധികാര സൗകര്യങ്ങള്‍ ഗൗരവമായ നിയമപ്രശ്‌നമാണ് ഉയര്‍ത്തുന്നത്.
ടിപി വധകേസ് പ്രതികള്‍ക്ക് ലഭിക്കുന്ന സുഖ ചികിത്സയും കുഞ്ഞനന്തനുള്‍പ്പെടെയുള്ളവരുടെ പരോളുകളും ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ ലഭിക്കുന്ന അവിഹിത സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ നയിക്കുന്ന ജനമോചനയാത്രയുടെ ഭാഗമായി അക്രമരാഷ്ട്രീയത്തിനെതിരെ അമ്മ മനസ്സ്’കെ.പി.സി.സി ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിനു മുന്നില്‍ സമന്മാരാണെന്നത് ഭരണകൂടം തന്നെ തകര്‍ക്കുന്ന നീതി നിഷേധകാഴ്ചയാണ് കേരളത്തിലെ ജയിലുകളില്‍ ഉള്ളത്. കേരളത്തിലെ ജയിലുള്‍ ഇന്ന് ക്രിമിനല്‍ ഗൂഢാലോചനാ കേന്ദ്രങ്ങളായും ക്രിമിനല്‍ പ്രൊഡക്ഷന്‍ കേന്ദ്രങ്ങളായും മാറിയിരിക്കുകയാണ്.
ജയിലുകളുടെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കാനും ക്രിമിനലിസം തടയാനും നിയമവാഴ്ച ഉറപ്പുവരുത്താനും ജയിലുകളുടെ അധികാരം സര്‍ക്കാറില്‍ നിന്നും എടുത്തുമാറ്റി ജുഡീഷ്യറിയുടെ കീഴിലേക്ക് കൊണ്ടുവന്ന് ജയിലുകളിലെ രാഷ്ട്രിയ വിവേചനവും, പ്രത്യേക അധികാരവും തുടച്ചുനീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങണമെന്നും നിയമ നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. കെ പ്രവീണ്‍കുമാര്‍ അദ്ധ്യക്ഷതവഹിച്ചു.
ഡീന്‍ കുര്യാക്കോസ്, ലതികാ സുഭാഷ,് കെഎസ്‌യു പ്രസിഡന്റ് കെഎം അഭിജിത്ത്, അഡ്വ. ഐ മൂസ്സ, കെ രാമചന്ദ്രന്‍, മുനീര്‍ എരവത്ത്, ശശിധരന്‍ കരിമ്പനപ്പാലം, രാധാകൃഷ്ണന്‍ കാവില്‍, കെകെനളിനി, പികെ വൃന്ദ  സംസാരിച്ചു. എംഎം ഹസന്‍ നയിക്കുന്ന ജനമോചനയാത്രയ്ക്ക് ഏപ്രില്‍ 10ന് 3 മണിക്ക് കുറ്റിയാടിയിലും 5 മണിക്ക് കോഴിക്കോട് അരയിടത്ത് പാലത്തിനു സമീപവും നല്‍കുന്ന സ്വീകരണപരിപാടി മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയും കേരള ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക്കും ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ശുഹൈബിന്റെ കുടുംബ സഹായ ഫണ്ടായി കോഴിക്കോട് ഡിസിസി സ്വരൂപിച്ച 20 ലക്ഷം രൂപചടങ്ങില്‍ ശുഹൈബിന്റെ കുടുംബത്തിന് കൈമാറും.

RELATED STORIES

Share it
Top