ജയിലില്‍ സൗമ്യയുടെ ആത്മഹത്യ: മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടിയില്ല; സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് എപിഒമാര്‍

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതിയും റിമാന്‍ഡ് തടവുകാരിയുമായ വണ്ണത്താന്‍കണ്ടി സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടിയില്ല. മൂന്നു വനിതാ പ്രിസണ്‍ ഓഫിസര്‍മാരെ സസ്‌പെന്റ് ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും ജയില്‍ സൂപ്രണ്ട്, അസി. സൂപ്രണ്ട് എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടി പോലുമെടുത്തിട്ടില്ല. ജയില്‍ ഡിഐജി എസ് സന്തോഷും റീജ്യനല്‍ വെല്‍ഫെയര്‍ ഓഫിസര്‍ മുകേഷും നല്‍കിയ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ വനിതാ അസി. പ്രിസണ്‍ ഓഫിസര്‍മാരായ മിനി തെക്കേവീട്ടില്‍, ജീന പനയന്‍, എന്‍ വി സോജ എന്നിവരെ സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ വീഴ്ച വരുത്തിയതിനു ജയില്‍ സൂപ്രണ്ട് പി ശകുന്തളയ്‌ക്കെതിരേ നടപടി സ ര്‍ക്കാരിനു തീരുമാനമെടുക്കാമെന്നും അസി. സൂപ്രണ്ട് സി സി രമ, എപിഒ കെ പി ദീപ എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഭരണപക്ഷാനുകൂല യൂനിയനില്‍പെട്ട മേലുദ്യോഗസ്ഥരെ സംരക്ഷിക്കുകയും അന്നേ ദിവസം ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ കോ ണ്‍ഗ്രസ് അനുകൂല യൂനിയന്‍ അംഗങ്ങളെ ബലിയാടാക്കുകയും ചെയ്‌തെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് തുടര്‍നടപടികള്‍. അതിനിടെ, കൃത്യമായ അന്വേഷണം നടത്തുകയോ മൊഴിയെടുക്കുകയോ ചെയ്യാതെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി പുനഃപരിശോധിച്ച് ജോലിയില്‍ പുനഃപ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ജീന പനയനും എന്‍ വി സോജയും ജയില്‍ ഡിജിപിക്ക് പരാതി നല്‍കി. സൗമ്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ 24നും തലേന്ന് രാത്രിയും ചെയ്ത ഡ്യൂട്ടിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രേഖാമൂലം ഇരുവരും പരാതി നല്‍കിയത്. സിസിടിവി കാമറയുടെ പകര്‍പ്പ് തേടി വിവരാവകാശ കമ്മീഷനെ നേരത്തേ സമീപിച്ചിരുന്നു. നടപടി മാനഹാനിയും മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടിയുള്ള അപേക്ഷ രണ്ടു ദിവസം മുമ്പാണ് നല്‍കിയത്. തങ്ങളില്‍ നിന്നു മൊഴിയെടുക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയുമാണ് നടപടിയെടുത്തതെന്നാണ് ഇവര്‍ വ്യക്തമാക്കിയിട്ടുള്ളത്. തലേന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നതും അന്നേദിവസം സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു മുമ്പേ ജയിലില്‍ നിന്നിറങ്ങിയതിന്റെ ഇന്‍-ഔട്ട് രജിസ്റ്ററുകളുടെ വിശദാംശങ്ങളെല്ലാം അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.

RELATED STORIES

Share it
Top