ജയിലിലെ അനുഭവങ്ങള്‍ പുസ്തകമാക്കാനൊരുങ്ങി നമ്പി നാരായണന്‍

കൊച്ചി: ചാരക്കേസില്‍ ജയിലില്‍ കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങള്‍ പുസ്തകമാക്കുമെന്ന് മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. എറണാകുളം കരയോഗം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലില്‍ കിടന്ന നിമിഷങ്ങള്‍ ജീവിതത്തില്‍ മറക്കില്ല. കണ്ടതും കേട്ടതുമായ ഒരുപാട് കാര്യങ്ങള്‍ സമൂഹത്തോട് പറയാനുണ്ട്. തനിക്കൊപ്പം അന്ന് ജയിലിലുണ്ടായിരുന്ന മറ്റു തടവുപുള്ളികളില്‍ 40 ശതമാനത്തോളം നിരപരാധികളാണെന്നു ബോധ്യപ്പെട്ടിരുന്നു. ജയിലില്‍ കിടക്കുന്നവരെല്ലാം കുറ്റവാളികളല്ല. കേസുകള്‍ നീതിക്കായി കാത്തുകിടക്കുന്നതും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതുമെല്ലാം ഗൗരവമേറിയ വിഷയങ്ങളാണ്. അതിനെക്കുറിച്ചെല്ലാം ഇനി എഴുതുന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാരക്കേസില്‍ സുപ്രിംകോടതിയില്‍ നിന്ന് നീതി ലഭിച്ചെങ്കിലും തന്നെ കുറ്റവാളിയാക്കുന്നതിന് പിന്നില്‍ കളിച്ചവര്‍ ഇപ്പോഴും സമൂഹത്തില്‍ മാന്യന്മാരായി ജീവിക്കുന്നു. ആര്, എന്തിന് എന്നീ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം തേടുകയാണ്. 24 വര്‍ഷം പൂര്‍ത്തിയായ നീയമപോരാട്ടം ജയിച്ചെങ്കിലും ചാരക്കേസ് കെട്ടിച്ചമച്ചതെന്തിനെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു. ഒരു നല്ല വിധിന്യായത്തിനു വേണ്ടി 24 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. ആദ്യം ഒറ്റയ്ക്കായിരുന്നു പോരാട്ടമെങ്കിലും പിന്നീട് നിരവധിപേരുടെ പിന്തുണ ലഭിച്ചു. സുപ്രിംകോടതി നിയോഗിച്ച കമ്മിറ്റിക്ക് കഥകള്‍ മെനഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ശിക്ഷിക്കാനും ചൂണ്ടിക്കാട്ടാനും അധികാരം ഉണ്ടാവുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top