ജയിച്ചുകയറാന്‍ പോര്‍ച്ചുഗല്‍മോസ്‌കോ:  ഗ്രൂപ്പ് ബിയിലെ അവസാന മല്‍സരത്തില്‍ റൊണാള്‍ഡോയുടെ പറങ്കിപ്പട ഇന്ന് ഇറാനെതിരേ ഏറ്റുമുട്ടുമ്പോള്‍ ജയിക്കുന്ന ടീമിന് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാം. പ്രീക്വാര്‍ട്ടറിലേക്കുള്ള ഷൂട്ടൗട്ട് മല്‍സരമെന്നും നമുക്കിതിനെ വിശേഷിപ്പിക്കാം. നാലാം സ്ഥാനത്തുള്ള മൊറോക്കോയുടെ കാര്യം ഒഴിച്ചാല്‍ മറ്റ് മൂന്ന് ടീമിനും ഇന്ന് ജീവന്‍മരണപ്പോരാട്ടമാണ്. ഓരോ ടീമിനും ഇനി ഒരു മല്‍സരം മാത്രം ബാക്കി നില്‍ക്കേ നാല് വീതം പോയിന്റുകളുമായി പോര്‍ച്ചുഗലും സ്‌പെയിനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. എന്നാല്‍ തൊട്ടുപിറകെ മൂന്ന് പോയിന്റുമായി  ഇറാന്‍ മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുന്ന ടീമേതെന്ന് പ്രവചനാതീതം. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ഇറാനെയും സ്‌പെയിന്‍ മൊറോക്കോയെയും പരാജയപ്പെടുത്തിയാല്‍  ഇരുടീമും ഏഴു പോയിന്റോടെ പ്രീക്വാര്‍ട്ടറില്‍ കടക്കും. എന്നാല്‍ മറിച്ചാണ് സംഭവിച്ചതെങ്കില്‍ ഇറാന്‍ അടുത്ത റൗണ്ടില്‍ പ്രവേശിക്കും. സ്‌പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും ഗോള്‍ ശരാശരി പരിഗണിച്ച് മുന്നിലുള്ള ടീമിന് രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്കുള്ള വഴിതെളിയും. എന്നാല്‍ ഇറാനെ സമനിലയില്‍ തളച്ചാലും അഞ്ച് പോയിന്റുകളുമായി പോര്‍ച്ചുഗല്‍ അടുത്ത റൗണ്ടില്‍ കടക്കും. എന്നാല്‍ സ്‌പെയിനിനെ ഞെട്ടിച്ച് കീഴടങ്ങിയ ഏഷ്യന്‍ ചാംപ്യന്‍ ഇറാനെതിരേ കരുതിയാവും പോര്‍ച്ചുഗല്‍ ഇറങ്ങുക. കോസ്റ്റയുടെ ഒരു ഗോള്‍മികവിലായിരുന്നു ഇറാനെ സ്‌പെയിന്‍ കീഴടക്കിയത്. ആദ്യ മല്‍സരത്തില്‍ മൊറോക്കോയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇറാന്‍ തുടക്കം ഗംഭീരമാക്കിയത്. എന്നാല്‍ പോര്‍ച്ചുഗലാവട്ടെ ആദ്യ മല്‍സരത്തില്‍ ഗെയിം പ്ലാനര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഗോള്‍ മികവിലാണ് സ്‌പെയിനുമായി 3-3ന് സമനില കണ്ടെത്തിയത്.  കഴിഞ്ഞ കളിയില്‍ സമാനമായി ഇന്നും ഏഷ്യന്‍ കരുത്തര്‍ പ്രതിരോധത്തില്‍ ബസ് പാര്‍ക്കിങ് ഫോര്‍മാറ്റ് തന്നെ പുറത്തെടുത്താല്‍ സ്‌പെയിനിനെ പോലെ ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിന് നന്നായി വിയര്‍ക്കേണ്ടി വരും. ആകെ രണ്ട് മല്‍സരങ്ങളില്‍ നിന്ന് സ്‌പെയിനിനോട് വഴങ്ങിയ ഒരു ഗോള്‍ മാത്രമാണ് ഇറാന്റെ വല ചലിപ്പിച്ചതെങ്കില്‍ ഇത്രയും മല്‍സരങ്ങളില്‍ നിന്ന് സ്‌പെയിനിനോട് മൂന്നുഗോളുകളാണ് പോര്‍ച്ചുഗല്‍ വഴങ്ങിയത്. രണ്ടാം മല്‍സരത്തില്‍ മൊറോക്കോയ്‌ക്കെതിരേ റോണോപട ജയിക്കുമ്പോള്‍ ഒരൊറ്റ ഗോളും പോര്‍ച്ചുഗല്‍ വഴങ്ങിയിരുന്നില്ല.ഏഷ്യന്‍ രാജ്യങ്ങളോട് ഒമ്പത് മല്‍സരങ്ങളില്‍ പോര്‍ച്ചുഗല്‍ കളിച്ചതില്‍ ഏഴെണ്ണത്തിലും വിജയം ടീമിനൊപ്പം നിന്നു. ഇതില്‍ രണ്ടും ഇറാനെതിരേയായിരുന്നു. ലോകകപ്പില്‍ അവസാനം കളിച്ച 11 മല്‍സരങ്ങളില്‍ 10ഉം ജയിച്ചതിന്റെആത്മവിശ്വാസത്തിലാണ് പോര്‍ച്ചുഗല്‍ ഇന്നിറങ്ങുന്നത്. വിദേശ മണ്ണില്‍ ടീം ഏഴ് മല്‍സരങ്ങില്‍ ഇറങ്ങിയപ്പോള്‍ ആറ് ജയവും പോര്‍ച്ചുഗീസുകാരുടെ ഒപ്പമായിരുന്നു. പ്രതിരോധത്തിന്റെ കരുത്ത് ഏറെയാണെങ്കിലും എതിര്‍പോസ്റ്റിനടുത്തു വച്ച് ഗോള്‍ നേടാനുള്ള അവസരങ്ങള്‍ പാഴാക്കുന്ന പ്രവണതയാണ് ഇറാന്‍ ടീമില്‍ കണ്ടു വരുന്നത്. കൂടാതെ, ടീമിന് പറയത്തക്ക വിധത്തിലുള്ള മികച്ചൊരു സ്‌ട്രൈക്കര്‍മാരില്ല എന്നതും ടീമിന് തലവേദന സൃഷ്ടിക്കുന്നു. ഇവിടെ ടോട്ടല്‍ കളിമികവിനെ റോണോ എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിലൊതുക്കുമ്പോള്‍ വീണ്ടും റോണോ താണ്ഡവമുണ്ടാവുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകര്‍. ഇനി താണ്ഡവമാടേണ്ടത് ഇറാനെതിരേയാണ്. റോണോ തരംഗം വീണ്ടും ഉദിക്കുമോ എന്ന് കണ്ടറിയാം.

RELATED STORIES

Share it
Top