ജയരാജന്റെ ഹരജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയെന്ന കേസിലെ യുഎപിഎ ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
കേസിലെ എതിര്‍കക്ഷികളായ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, സിബിഐ എന്നിവര്‍ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. യുഎപിഎക്ക് അനുമതി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരായിരിക്കെ അത് ചെയ്തത് കേന്ദ്രസര്‍ക്കാരാണെന്ന് അപ്പീല്‍ പറയുന്നു. പക്ഷെ, ഇത് വിചാരണയില്‍ പരിശോധിച്ചാല്‍ മതിയെന്നാണ് മാര്‍ച്ച് 15ന് സിംഗിള്‍ ബെഞ്ച് വിധിച്ചത്.
അന്വേഷണ ഏജന്‍സിയായ സിബിഐ കേന്ദ്രസര്‍ക്കാരിന് കീഴിലായതിനാല്‍ കേന്ദ്രത്തിന്റെ അനുമതി മതിയെന്നാണ് സിംഗിള്‍ ബെഞ്ച് വിധിച്ചത്. ഇത് തെറ്റാണ്. ആരോപിക്കപ്പെടുന്ന കൊലപാതകം നടന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഭൂമിശാസ്ത്രപരമായ അധികാര പരിധിയില്‍ ആയതിനാല്‍ അനുമതി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പക്ഷെ, വിധിയില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റി. കേസിലെ 15 പ്രതികള്‍ അഞ്ചു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. യുഎപിഎ ഉള്ളതിനാല്‍ ജാമ്യം പോലും ലഭിക്കുന്നില്ല. കേസിന്റെ വിചാരണ വൈകുകയാണെന്നും ഹരജിക്കാര്‍ വാദിക്കുന്നു.
മനോജിനെ 2014 സപ്തംബര്‍ ഒന്നിനാണ് സിപിഎമ്മുകാരായ പ്രതികള്‍ കൊലപ്പെടുത്തിയത്.

RELATED STORIES

Share it
Top