ജയം തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സ് പുലിമടയില്‍; ചെന്നൈയിനെതിരേ ബര്‍ബച്ചോവ് കളിക്കില്ലചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ ആദ്യ ജയം നേടിയ ആത്മവിശ്വാസത്തോടെ   കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടാനിറങ്ങുന്നു. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ബ്ലാസ്‌റ്റേഴ്‌സ് ആതിഥേയരെ നേരിടുന്നത്.   തുടര്‍ സമനിലകള്‍ക്കും കനത്ത തോല്‍വിക്കും ശേഷം നോര്‍ത്ത് ഈസറ്റ് യൂനൈറ്റഡിനെതിരേ നേടിയ ജയം നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് കേരളം ഇന്ന് ബൂട്ടു കെട്ടുന്നത്.  മികച്ച ഫോമില്‍ കളിക്കുന്ന ചെന്നൈയിനെ നേരിടാന്‍ കേരള ടീം തയ്യാറായിക്കഴിഞ്ഞതായി ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ റെനിമ്യൂലന്‍സ്റ്റീന്‍ അറിയിച്ചു. എന്നാല്‍ സൂപ്പര്‍താരം ബര്‍ബച്ചോവും പ്രീതംകുമാറും ഇല്ലാതെയായിരിക്കും ഇന്നു കളിക്കേണ്ടി വരിക എന്നത് ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയാവുന്നുണ്ട്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമടക്കം ആറ് പോയിന്റുകളുമായി ഏഴാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്‌റ്റേഴ്‌സുള്ളത്. ഇന്നു ചെന്നൈയിനെ തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ മുന്നേറ്റം നടത്താനാവുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് നിര പ്രതീക്ഷിക്കുന്നത്. അതേ സമയം ആറു കളികളില്‍ നാലിലും വിജയം നേടിയ ചെന്നൈയിന്‍ എഫ്‌സി മികച്ച ഫോമിലാണുളളത്. നിലവില്‍ 12 പോയിന്റുകള്‍ നേടിയ ചെന്നൈയിന് ഇന്നു കേരളത്തെ തോല്‍പ്പിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം.

RELATED STORIES

Share it
Top