ജമ്മു സൈനിക ക്യാംപില്‍ ആക്രമണം; രണ്ട് ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു നഗരത്തിലെ സുന്‍ജുവാന്‍ സൈനിക ക്യാംപില്‍ സായുധര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ (ജെസിഒ)മാര്‍ കൊല്ലപ്പെട്ടു. കേണല്‍ റാങ്കിലുള്ള ഓഫിസറും മരിച്ച സൈനികന്റെ മകളുമടക്കം നാലു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്നലെ രാവിലെയാണ് ആക്രമണമുണ്ടായത്. പാര്‍ലമെന്ററികാര്യമന്ത്രി അബ്ദുര്‍റഹ്മാന്‍ വീരി ജമ്മു-കശ്മീര്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. സുബേദാര്‍ മദന്‍ലാല്‍ ചൗധരി, സുധീര്‍ മുഹമ്മദ് അഷ്‌റഫ് മീര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ്, ലാന്‍സ് നായിക് ബഹാദൂര്‍ സിങ്, സുബേദാര്‍ ചൗധരിയുടെ മകള്‍ എന്നിവര്‍ പരിക്കേറ്റവരില്‍ പെടുന്നു. ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരാണ് സൈനിക ക്യാംപ് ആക്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. സൈനികരുടെ കുടുംബങ്ങള്‍ താമസിക്കുന്ന ഭാഗത്തുകൂടിയാണ് അക്രമികള്‍ ക്യാംപില്‍ പ്രവേശിച്ചതെന്ന് ഡിജിപി എസ് പി വൈദ് അറിയിച്ചു. അക്രമികള്‍ നാലോ അഞ്ചോ പേരാണ് ഉണ്ടായിരുന്നത്. രാവിലെ 5 മണിയോടെ ക്യാംപിലെ സെന്‍ട്രിക്കും അയാളുടെ ബങ്കറിനും നേര്‍ക്ക് അക്രമികള്‍ വെടിവച്ചു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. വെടിവയ്പ് തുടരുന്നതിനിടെ പ്രദേശം സൈന്യം വലയം ചെയ്തു. മുന്‍കരുതലെന്ന നിലയില്‍ മേഖലയിലെ വിദ്യാലയങ്ങളും അധികൃതര്‍ അടച്ചു. അതേസമയം, സായുധസംഘത്തിലെ മൂന്നു പേരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ശനിയാഴ്ച രാത്രിയും ഏറ്റുമുട്ടല്‍ തുടരുകയാണ്.പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സൈന്യത്തിനോ സുരക്ഷാ സ്ഥാപനങ്ങള്‍ക്കോ നേരെ ജയ്‌ശെ മുഹമ്മദ് ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണവൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

RELATED STORIES

Share it
Top