ജമ്മു-കശ്മീര്‍: സിആര്‍പിഎഫ് ക്യാംപില്‍ യുവതിയെ ബലാല്‍സംഗം ചെയ്തു

ജമ്മു: ജമ്മുവില്‍ 24കാരിയെ സിആര്‍പിഎഫ് ജവാന്മാര്‍ ക്യാംപില്‍ തടഞ്ഞുവച്ച് ബലാല്‍സംഗം ചെയ്തതായി പരാതി. പൂഞ്ച് ജില്ലയിലെ മണ്ടി മേഖലയിലെ താമസക്കാരിയാണ് പീഡനത്തിനിരയായത്. യുവതിയുടെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
മാര്‍ച്ച് 10നു മൂന്നു സിആര്‍പിഎഫ് ജവാന്മാര്‍ തന്നെ വഴിയില്‍ തടഞ്ഞുനിര്‍ത്തി സൈനിക ക്യാംപില്‍ കൊണ്ടുപോയെന്നും അവരില്‍ ഒരാള്‍ ബലാല്‍സംഗം ചെയ്തുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ബലാല്‍സംഗം വീഡിയോയില്‍ പകര്‍ത്തിയെന്നും വിവരം പോലിസില്‍ അറിയിച്ചാല്‍ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്നും സിആര്‍പിഎഫുകാര്‍ ഭീഷണിപ്പെടുത്തി.
രാത്രി 7.30നു ബസ്സിറങ്ങി ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു യുവതി. വഴിതെറ്റിയ യുവതിയെ യൂനിഫോം ധരിച്ച സിആര്‍പിഎഫുകാര്‍ സഹായിക്കാനെന്ന വ്യാജേന ക്യാംപിലേക്ക് കൊണ്ടുപോയി. എന്നാല്‍, സഹായിക്കുന്നതിനു പകരം അവരില്‍ ഒരാള്‍ യുവതിയെ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി.
രണ്‍ബീര്‍ പീനല്‍ കോഡ് പ്രകാരം ബലാല്‍സംഗം, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നീ വകുപ്പുകളനുസരിച്ചാണ് പോലിസ് അജ്ഞാതരായ സിആര്‍പിഎഫുകാര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അന്വേഷണഫലത്തെ അടിസ്ഥാനമാക്കി വിവരസാങ്കേതികവിദ്യാ നിയമമനുസരിച്ചും കേസെടുക്കുമെന്നും പോലിസ് അറിയിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് മൂന്നു സിആര്‍പിഎഫുകാരെ സസ്‌പെന്റ് ചെയ്തു. കേസ് അന്വേഷണത്തില്‍ പോലിസിന് എല്ലാ സഹകരണവും നല്‍കുമെന്ന് സിആര്‍പിഎഫ് വക്താവ് അഖിലേഷ് കുമാര്‍ ഝാ അറിയിച്ചു.

RELATED STORIES

Share it
Top