ജമ്മു കശ്മീര്‍ ബിജെപി മന്ത്രിമാര്‍ രാജിവയ്ക്കും

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ മുഴുവന്‍ ബിജെപി മന്ത്രിമാരും രാജിവയ്ക്കും. ഇതാനായി മന്ത്രിമാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. എന്നാല്‍ ജമ്മുകശ്മീരിലെ പിഡിപി മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ ബിജെപി വ്യക്തത വരുത്തിയിട്ടില്ല. മന്ത്രിസഭാ പുനസംഘടനയോടനുബന്ധിച്ചാണ് ബിജെപി മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. നേരത്തേ കഠ്്്‌വ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു ബിജെപി മന്ത്രിമാര്‍ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു.
അതേസമയം കഠ്‌വ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യെപ്പട്ട്, സംഭവവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ മന്ത്രിസഭയില്‍ നിന്നു രാജിവച്ച ബിജെപി നേതാവ് റാലി സംഘടിപ്പിച്ചു.
ബിജെപി നേതാവ് ചൗധരി ലാല്‍സിങാണ് റാലി സംഘടിപ്പിച്ചത്. കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അനുകൂലിച്ചുള്ള റാലിയില്‍ ലാല്‍സിങ് പങ്കെടുത്തിരുന്നു. അത് വിവാദമായതിനെത്തുടര്‍ന്നായിരുന്നു സിങ് മന്ത്രിസ്ഥാനം രാജിവച്ചത്. സിങിനു പുറമേ വ്യവസായ മന്ത്രി ചന്ദര്‍പ്രകാശ് ഗംഗയും രാജിവച്ചിരുന്നു. കഠ്‌വ സംഭവത്തെ അഭിമുഖീകരിക്കുന്നതില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പരാജയപ്പെടുകയാണെന്നും അവര്‍ രാജിവയ്ക്കണമെന്നും ലാല്‍സിങ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top