ജമ്മു കശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പോളിങിന് തണുത്ത പ്രതികരണം; ഫലം 20ന്

ശ്രീനഗര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങില്‍ ജമ്മു-കശ്മീരില്‍ തണുത്ത പ്രതികരണം. 13 വര്‍ഷത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനത്തില്‍ വലിയ കുറവ് നേരിട്ടു. കുപ്‌വാരയില്‍ 18 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ജമ്മു ഡിവിഷനിലെ രജൗരിയില്‍ 55 ശതമാനം പോളിങ് രേഖപ്പെടുത്തി. രജൗരിയിലാണ് എറ്റവും വോട്ട് രേഖപ്പെടുത്തിയത്. അനന്ത്‌നാഗ്, ബുദ്ധഗാം, ബന്ദിപോറ, ബാരാമുല്ല, ശ്രീനഗര്‍ എന്നിവിടങ്ങളിലെല്ലാം പോളിങ് ശതമാനം ഒറ്റ അക്കമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ജമ്മുവില്‍ 34ഉം പൂഞ്ചില്‍ 47 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. കാര്‍ഗിലില്‍ 33 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ലേയില്‍ 26 ശതമാനം വോട്ടേ രേഖപ്പെടുത്തിയുള്ളൂ. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കരുതെന്ന് സായുധര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉയര്‍ന്ന സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ശക്തമായ സുരക്ഷ ഉണ്ടായിട്ടും ബന്ദിപോറയിലെ വാര്‍ഡ് 3ലെ ബിജെപി സ്ഥാനാര്‍ഥി ആദില്‍ ബുഹ്‌റോയിക്ക് നേരെ കല്ലേറുണ്ടായി. ആദില്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ 2990 സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നുണ്ട്. 16ന് തിരഞ്ഞെടുപ്പ് അവസാനിക്കും. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 442 വാര്‍ഡിലായി 1145 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്.
ആദ്യ മൂന്നു മണിക്കൂറിനകം ശ്രീനഗറില്‍ 75 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഹന്ദ്‌വാരയിലും കുപ്‌വാരയിലും വോട്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പോളിങ് ബൂത്തിനു സമീപം മാധ്യമപ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് കുപ്‌വാര ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
സുരക്ഷയുടെ ഭാഗമായി തെക്കന്‍ കശ്മീരില്‍ മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. കശ്മീരിന്റെ മറ്റു ഭാഗങ്ങളിലെ ഇന്റര്‍നെറ്റ് സ്പീഡ് കുറച്ചു.
തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം 10നും മൂന്നാംഘട്ടം 13നും നാലാം ഘട്ടം 16നും നടക്കും.തിരഞ്ഞെടുപ്പു ഫലം 20നു പ്രഖ്യാപിക്കും.

RELATED STORIES

Share it
Top