ജമ്മുകശ്മീര്‍ ജനത വെല്ലുവിളികളുടെ കാലത്ത് ധീരത കാണിച്ചു: രാഷ്ട്രപതി

ജമ്മു: വെല്ലുവിളികള്‍ നേരിടുമ്പോള്‍ ജമ്മുകശ്മീര്‍ ജനത ധീരതയും മനക്കരുത്തും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ജമ്മുവിലെ അമര്‍ മഹല്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ പൗരസ്വീകരണത്തി ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീര്‍ ജനതയില്‍ ഇന്ത്യ അഭിമാനിക്കുന്നു. സാമ്പത്തിക-വിദ്യാഭ്യാസ അവസരങ്ങള്‍ ഉപയോഗിക്കാനുള്ള അവരുടെ ശേഷിയില്‍ രാജ്യത്തിന് അഭിമാനമുണ്ട്- രാഷ്ട്രപതി പറഞ്ഞു. ജമ്മുകശ്മീര്‍ ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും പ്രഭവകേന്ദ്രമാണ്. മഹാത്മാ ബുദ്ധന്‍, സൂഫിസം, ശിവ ആരാധന, ശക്തി തുടങ്ങിയ വിവിധ വിശ്വാസങ്ങളുടെ അനുയായികള്‍ ഈ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കഠ്‌വ ജില്ലയില്‍ ബലാല്‍സംഗശേഷം കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്ക് നീതി ആവശ്യപ്പെട്ട് നിലകൊണ്ട, പ്രകോപനങ്ങളുണ്ടായിട്ടും രമ്യതയും സൗഹാര്‍ദവും ഉയര്‍ത്തിപ്പിടിച്ച ജമ്മുവിലെ ജനങ്ങളെ ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭിനന്ദിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ജമ്മുവിലെ ജനങ്ങള്‍ സഹിഷ്ണുതാമൂല്യങ്ങള്‍ക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുകയും നിന്ദ്യമായ നീക്കങ്ങളെ ചെറുത്തുതോല്‍പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top