ജമ്മുകശ്മീര്‍ ഗവര്‍ണര്‍ വിവാദത്തില്‍

ശ്രീനഗര്‍: തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതിനു മുമ്പെ ശ്രീനഗറില്‍ അധികാരത്തിലെത്താന്‍ പോവുന്ന പുതിയ മേയറെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് വിവാദത്തില്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണു ഗവര്‍ണറുടെ വിവാദ പരാമര്‍ശം.
നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയും ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നോ എന്ന ചോദ്യത്തിനു മല്‍സരിക്കാന്‍ സാധിക്കാത്തതില്‍ ഇരു പാര്‍ട്ടികളും ഖേദിക്കുകയാണെന്നും തനിക്കു ലഭ്യമാവുന്ന വിവരങ്ങള്‍ അനുസരിച്ച് ശ്രീനഗറിന് പുതിയ മേയറെ ലഭിക്കുമെന്നുമാണു ഗവര്‍ണര്‍ പറഞ്ഞത്. അദ്ദേഹം (പുതിയ മേയര്‍) വിദേശത്തു നിന്ന് വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള ചെറുപ്പക്കാരനാണ്. ഈ നേതാവ് വിജയിച്ചാല്‍ രണ്ടു പാര്‍ട്ടികളും പരിഭ്രമിക്കും. ആ ആണ്‍കുട്ടിയുടെ പേര് മാട്ടു എന്നാണ്. അദ്ദേഹം നല്ല വിദ്യാഭ്യാസമുള്ളയാളാണ്. അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
നാലു ഘട്ടമായാണ് ജമ്മുകശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 16നാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുക. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ബുധനാഴ്ച ആരംഭിച്ചു. 13 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്.

RELATED STORIES

Share it
Top