ജമാല്‍ ഖഷോഗി

ജമാല്‍ ഖഷോഗി അപ്രത്യക്ഷനായിട്ട് പത്തു ദിവസം കഴിഞ്ഞു. ഒക്ടോബര്‍ 2ന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലേക്ക് ഒരു സര്‍ട്ടിഫിക്കറ്റിനായി പോയതാണ് സൗദി പത്രപ്രവര്‍ത്തകന്‍. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. ഖഷോഗി പതിറ്റാണ്ടുകളോളം സൗദി ഭരണകൂടത്തിന്റെ അടുപ്പക്കാരനായിരുന്നു. പക്ഷേ, സമീപകാലത്ത് അദ്ദേഹം സൗദി സര്‍ക്കാരിന്റെ വിമര്‍ശകനായി. വൈകാതെ നാടു വിട്ടുപോകേണ്ടിയും വന്നു. സൗദി അറേബ്യ വിട്ട ശേഷം പ്രവാസിയായാണ് അദ്ദേഹം കഴിയുന്നത്. തുര്‍ക്കിയില്‍ താമസമാക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. അവിടെ ഒരു വനിതയെ വിവാഹം കഴിക്കുന്നതിന് തന്റെ നാട്ടിലെ ഭാര്യയുമായി വിവാഹബന്ധം വിച്ഛേദിച്ചതാണ് എന്ന സര്‍ട്ടിഫിക്കറ്റിനായാണ് ഖഷോഗി കോണ്‍സുലേറ്റില്‍ എത്തിയത്. ഖഷോഗിയെ അവിടെ വച്ച് സൗദി ഏജന്റുമാര്‍ കൊന്ന് ശരീരം കഷണം കഷണമാക്കി എന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്. നിരവധി തെളിവുകളും അവര്‍ പുറത്തുവിടുന്നുണ്ട്. സൗദി ഭരണകൂടമാവട്ടെ, അത് നിഷേധിക്കുകയാണ്. ഖഷോഗി കോണ്‍സുലേറ്റ് വിട്ടുപോയ ശേഷമാണ് അപ്രത്യക്ഷനായതെന്ന് അവര്‍. പക്ഷേ തെളിവൊന്നും അവര്‍ ഹാജരാക്കുന്നുമില്ല. വിഷയം അന്താരാഷ്ട്ര നയതന്ത്രപ്രശ്‌നമായി മാറിയിരിക്കുകയാണ്. പ്രതിസ്ഥാനത്ത് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും സൗദി ഭരണാധികാരിയും തമ്മില്‍ വിഷയത്തില്‍ നേരിട്ട് ഏറ്റുമുട്ടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

RELATED STORIES

Share it
Top