ജമാല്‍ ഖഷോഗി തിരോധാനംസൗദി കോണ്‍സുലേറ്റില്‍ പരിശോധന നടത്തും: തുര്‍ക്കി

ഇസ്താംബൂള്‍: തുര്‍ക്കിയിലെ സൗദി അറേബ്യ കോണ്‍സുലേറ്റില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കണ്ടെത്താന്‍ സൗദി കോണ്‍സുലേറ്റില്‍ പരിശോധന നടത്തുമെന്നു തുര്‍ക്കി. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റ് ഇതിനു സഹകരിക്കണമെന്നും വിദേശ മന്ത്രാലയം സൗദിയോട് ആവശ്യപ്പെട്ടു.
ഖഷോഗിയെ അവസാനമായി കണ്ട ഇടമെന്ന നിലയിലാണു കോണ്‍സുലേറ്റിലെ പരിശോധന. അതേസമയം തുര്‍ക്കിയുടെ ആവശ്യത്തെ സൗദി എതിര്‍ത്തു. കോണ്‍സുലേറ്റില്‍ എത്തി കുറച്ചു സമയത്തിനകം തന്നെ ഖഷോഗി അവിടം വിട്ടതായാണു സൗദി അധികൃതര്‍ പറയുന്നത്. എന്നാല്‍ തുര്‍ക്കി അതു നിഷേധിച്ചിട്ടുണ്ട്. അദ്ദേഹം കോണ്‍സുലേറ്റില്‍ വധിക്കപ്പെട്ടിരിക്കാമെന്നാണു തുര്‍ക്കി അധികൃതര്‍ അവകാശപ്പെടുന്നത്.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ താല്‍പര്യ പ്രകാരമാണു സൗദി കോണ്‍സുലേറ്റിലെ പരിശോധന. കഴിഞ്ഞദിവസം ഉര്‍ദുഗാന്‍ ഖഷോഗി ജീവിച്ചിരിപ്പുണ്ടെന്നു പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. കൂടാതെ താന്‍ ഈ കേസിന് പിറകെത്തന്നെയുണ്ടെന്നും കോണ്‍സുലേറ്റിലെയും എയര്‍പോര്‍ട്ടിലെയും ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനുമുള്ള അനുമതി ലഭിക്കാനുള്ള ഔ—ദ്യോഗിക നടപടികളുടെ ഭാഗമായാണ് ഖഷോഗി കോണ്‍സുലേറ്റിലെത്തിയത്. സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ ഖഷോഗിയുടെ ദുരൂഹത നിറഞ്ഞ കാണാതാവലില്‍ ലോകമെങ്ങും പ്രതിഷേധം ഉയരുകയാണ്.

RELATED STORIES

Share it
Top