ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ടെന്ന് സമ്മതിക്കാനൊരുങ്ങി സൗദി

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി സൗദി കോണ്‍സുലേറ്റില്‍ വച്ചു കൊല്ലപ്പെട്ടുവെന്നു സമ്മതിക്കാനൊരുങ്ങി സൗദി അറേബ്യ. ഖഷഗ്ജി കൊല്ലപ്പെട്ടുവെന്നു സ്ഥിരീകരിക്കുന്ന റിപോര്‍ട്ട് തയ്യാറാക്കാനായി സൗദി ഭരണകൂടം ശ്രമിക്കുന്നതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
റിപോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ചിലപ്പോള്‍ മാറ്റം വന്നേക്കാമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. വാള്‍ സ്ട്രീറ്റ് ജേണലും സമാനമായ വാര്‍ത്ത പുറത്തുവിടുന്നുണ്ട്.
ചോദ്യം ചെയ്യലിനിടെ ഖഷഗ്ജി കൊല്ലപ്പെട്ടുവെന്നാണ് സൗദി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ വെളിപ്പെടുത്തിയതെന്നു സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. ഖഷഗ്ജിയെ വധിച്ചതിന്റെ കുറ്റം ഉദ്യോഗസ്ഥരുടെ മേല്‍ ചുമത്തി മുഖം രക്ഷിക്കാനുള്ള നീക്കമാണ് സൗദി നടത്തുകയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.
ഖഷഗ്ജിയെ സൗദി എംബസിയില്‍ പ്രവേശിച്ചതിനു ശേഷം കാണാതായ വിവരം പുറത്തുവന്നപ്പോള്‍ അദ്ദേഹം കോണ്‍സുലേറ്റില്‍ നിന്ന് തിരിച്ചുപോയെന്നായിരുന്നു സൗദിയുടെ അവകാശവാദം. ഒക്ടോബര്‍ 2ന് സൗദി കോണ്‍സുലേറ്റിനുള്ളില്‍ പ്രവേശിച്ച ശേഷമാണ് ഖഷഗ്ജിയെ കാണാതായത്.

RELATED STORIES

Share it
Top