ജമാഅത്തുദ്ദഅ്‌വയുടെ സ്വത്തുക്കള്‍ പാകിസ്താന്‍ കണ്ടുകെട്ടി

ഇസ്‌ലാമാബാദ്: ഹാഫിസ് സഈദിന്റെ നേതൃത്വത്തിലുള്ള ജമാഅത്തുദ്ദഅ്‌വ(ജെയുഡി) സംഘടനയുടെ വസ്തുവകകള്‍ പാകിസ്താന്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. ജമാഅത്തുദ്ദഅ്‌വയ്ക്കു കീഴിലുള്ള സന്നദ്ധ സംഘടനയായ ഫലാഹെ ഇന്‍സാനിയാത് ഫൗണ്ടേഷന്റെ (എഫ്‌ഐഎഫ്) ആസ്തികളും ഇതിലുള്‍പ്പെടുന്നു.
പഞ്ചാബ് പ്രവിശ്യയില്‍ നിന്നുമാത്രം 148 സ്വത്തുവകകള്‍ കണ്ടുകെട്ടിയതായി ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചു. ഇസ്‌ലാമാബാദില്‍ ജെയുഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥാവര സ്വത്തുക്കളും എഫ്‌ഐഎഫിന്റെ ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും പിടിച്ചെടുത്തതായി ആഭ്യന്തരസെക്രട്ടറി അര്‍ഷാദ് മിര്‍സ സെനറ്റ് കമ്മിറ്റിയെ അറിയിച്ചു. ഇരുസംഘടനകളുടെയും ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍ ഏറ്റെടുക്കാന്‍ റെഡ് ക്രസന്റിനു നിര്‍ദേശം നല്‍കി.
ജെയുഡിയും എഫ്‌ഐഎഫും ലശ്കറെ ത്വയ്യിബയും യുഎന്‍ രക്ഷാസമിതിയുടെ ഉപരോധ പട്ടികയിലുള്ള സംഘടനകളാണെന്നും ഇതിനാല്‍ മൂന്നു സംഘടനകള്‍ക്കുമെതിരേ പാകിസ്താന്‍ സര്‍ക്കാര്‍ ഉപരോധം ശക്തമാക്കണമെന്നും മിര്‍സ സെനറ്റ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഇതിനായി പാകിസ്താനിലെ ഭീകരവിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top