ജമാഅത്തിനെ ക്ഷണിക്കാന്‍ വെളിച്ചപ്പാടന്‍മാര്‍ പള്ളിമുറ്റത്തെത്തി

റഹ്്മാന്‍ ഉദ്യാവര്‍
മഞ്ചേശ്വരം: ഏകദേശം 800 ഓളം വര്‍ഷക്കാലമായി അത്യുത്തര കേരളത്തിലെ മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്തും ശ്രീ അരസു ക്ഷേത്രവും തമ്മിലുള്ള ബന്ധം പുതുക്കാന്‍ വെളിച്ചപ്പാടന്മാര്‍ പള്ളിമുറ്റത്തെത്തി. ക്ഷേത്രത്തിലെ ഉല്‍സവത്തിന് ജമാഅത്ത് ഭാരവാഹികളേയും പരിധിയിലെ ആളുകളേയും ക്ഷണിക്കാനാണ് വെളിച്ചപ്പാടന്മാരെത്തിയത്.
മേയ് ഒമ്പത് മുതല്‍ 12 വരെ നടക്കുന്ന ശ്രീഅരസു ക്ഷേത്രത്തിലെ ഉല്‍സവത്തിന് ക്ഷണിക്കാനാണ് വെളിച്ചപ്പാടന്മാര്‍ പള്ളിമുറ്റത്ത് ഉറഞ്ഞുതുള്ളിയത്. ഹിന്ദു-മുസ്്‌ലിം ഐക്യത്തിന്റെ സന്ദേശവുമായി നൂറ്റാണ്ടുകളായി ഇവിടെ ഉറൂസിനും ഉല്‍സവത്തിനും ക്ഷേത്ര-പള്ളി ഭാരവാഹികള്‍ ക്ഷണിക്കാനെത്താറുണ്ട്.
ആയിരം ജമാഅത്തിലെ ഉറൂസിന് തൊട്ടടുത്ത അരസുക്ഷേത്രത്തിലെ ഭാരവാഹികളേയും മറ്റും ക്ഷണിക്കാന്‍ ജമാഅത്ത് ഭാരവാഹികളും ക്ഷേത്രമുറ്റത്തെത്താറുണ്ട്. ക്ഷേത്രത്തിലും പള്ളിയിലും എത്തുന്ന ഇരുസമുദായങ്ങളിലും പെട്ട വിശ്വാസികള്‍ക്ക് ഒരേസ്ഥലത്തായി ഇരിക്കാന്‍ സ്ഥലം ഏര്‍പ്പെടുത്താറുണ്ട്. ഇവിടെ ലഭിക്കുന്ന കാണിക്ക ഇരുവിഭാഗത്തിനും നല്‍കാറുണ്ട്. ‘ഉദ്യാവരത്ത് മറപ്പെട്ട് കിടക്കുന്ന ശൈഖന്മാരെ കണ്ട് സംസാരിക്കാനാണ് വെളിച്ചപ്പാടന്മാര്‍ എത്തുന്നതെന്നാണ് അവര്‍ പറയുന്നത്.
എല്ലാ ദിവസം ഞങ്ങള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. പക്ഷെ ജമാഅത്തിന് കീഴിലെ ആളുകളെ ഉല്‍സവത്തിന് ക്ഷണിക്കാനാണ് ഞങ്ങള്‍ കൂട്ടത്തോടെ വന്നത്. ഉറഞ്ഞുതുള്ളി വെളിച്ചപ്പാടന്മാര്‍ തുളു ഭാഷയില്‍ അരുള്‍ചെയ്തു. ക്ഷേത്രത്തിലെ ഭണ്ഡാരപുരയില്‍ നിന്നാണ് വെളിച്ചപ്പാടുകളും ഭാരവാഹികളും ഇറങ്ങിയത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങുന്ന ജമാഅത്ത് ഭാരവാഹികളും മറ്റും ഇവരെ സ്വീകരിച്ചു.
കാസര്‍കോട്-മംഗളൂരു ദേശീയപാതയിലെ ഉദ്യാവരത്താണ് ശ്രീഅരസു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന് അരകിലോമീറ്റര്‍ അടുത്താണ് ചരിത്രപ്രസിദ്ധമായ ഉദ്യാവരം ആയിരം ജുമാമസ്ജിദ് സ്ഥിതിചെയ്യുന്നത്. ഇരുസമുദായങ്ങള്‍ക്കും ഉല്‍സവത്തിനും ഉറൂസിനും ഇവിടങ്ങളില്‍ നിര്‍ണായകമായ സ്ഥാനമാണുള്ളത്.
കാസര്‍കോട് ജില്ലയിലെ മറ്റു ചില ക്ഷേത്രങ്ങളിലും പള്ളികളിലും മഖ്ബറകളിലും ഇരുസമുദായത്തിന്റെയും പ്രതിനിധികള്‍ ആഘോഷവേളകളില്‍ പരസ്പരം ക്ഷണിക്കാറെത്താറുണ്ട്. മതേതരത്തിന് ഏറെ വെല്ലുവിളി ഉയരുന്ന കാലഘട്ടത്തില്‍ പാരമ്പര്യം മുറുകെപിടിച്ച് സമുദായ ഐക്യം ഊട്ടിയുറപ്പിക്കുന്ന ഉല്‍സവങ്ങളും ഉറൂസുകളും ഏറെ മാതൃകാപരമാണ്.
ആയിരം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സൂപ്പി ഹാജി, അബൂബക്കര്‍ മാഹിന്‍, മുസ്തഫ ഉദ്യാവരം, ബി എ ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ വെളിച്ചപ്പാടന്മാരേയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളേയും സ്വീകരിച്ചു. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ മഞ്ചുഭണ്ഡാരി, ദുഗ ഭണ്ഡാരി, തിമ്മ ഭണ്ഡാരി, ഡോ. ജയപാല്‍ഷെട്ടി, രഘുഷെട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ഉല്‍സവത്തിന് ക്ഷണിക്കാനെത്തിയത്.

RELATED STORIES

Share it
Top