ജപ്പാന്‍ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തീരുമാനം

കോഴിക്കോട്: പൂളക്കടവ് മാത്ര പാലാഴി കോവൂര്‍ റോഡ് പ്രവൃത്തി ഒക്ടോബര്‍ ഒന്നിന് ആരംഭിക്കാനും ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും നടപടിയായി. പി ടി എ റഹീം എംഎല്‍എ പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിളിച്ചുചേര്‍ത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും പൊതുമരാമത്ത്, ജിക്ക ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കാലാവധി നിശ്ചയിച്ചുകൊണ്ടുള്ള പ്രവര്‍ത്തന പദ്ധതി യോഗം ചര്‍ച്ചചെയ്ത് അംഗീകരിച്ചു. പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ ബാക്കിയുള്ളയിടങ്ങളില്‍ പ്രവൃത്തി നടത്തുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് ടെണ്ടര്‍ ചെയ്ത റോഡുകളിലെ പ്രവൃത്തികള്‍ക്കാണ് മുന്‍ഗണന നല്‍കുക. മാത്തറ പാലാഴി റോഡില്‍ 22 നും, പൂളക്കടവ് കൊടിനാട്ട്മുക്ക് റോഡില്‍ 27 നും, കോവൂര്‍ പാലാഴി എംഎല്‍എ റോഡില്‍ ഒക്ടോബര്‍ 17 നും പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. എന്‍എച്ച് ബൈപ്പാസില്‍ പൈപ്പ് ലൈന്‍ ക്രോസിംഗിനുള്ള അനുമതി അപേക്ഷ നല്‍കുന്ന ദിവസം തന്നെ ലഭ്യമാക്കുന്നതിനും അതുപ്രകാരം ജപ്പാന്‍ കുടിവെളള പദ്ധതി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു.
സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ടെണ്ടര്‍ ചെയ്ത പൂളക്കടവ് മാത്ര പാലാഴി കോവൂര്‍ റോഡിലെ ജിക്കയുടെ പ്രവൃത്തികള്‍ ഈ മാസം 30 ന് പൂര്‍ത്തീകരിക്കുന്നതിനും റോഡിന്റെ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്നതിനും ധാരണയായി. മാങ്കാവ് കണ്ണിപറമ്പ റോഡില്‍ പ്രവൃത്തി നടത്താന്‍ ബാക്കിയുള്ള ഭാഗങ്ങളില്‍ റോഡ് കട്ടിംഗ് അനുമതിക്ക് അടക്കേണ്ട തുക കൈവശമുണ്ടെന്നും അടച്ച് സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. മാങ്കാവ് കണ്ണിപറമ്പ റോഡിലെ പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ഭാഗത്ത് ഒക്ടോബര്‍ 31 നും പാലാഴി പുത്തൂര്‍മഠം റോഡില്‍ നവംബര്‍ 15 നും പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും.
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്നതില്‍ നിലവിലുള്ള തടസ്സത്തിനുകാരണം നാഷണല്‍ ഹൈവേയിലെ വാല്‍വ് തുറക്കുന്നതിലുള്ള പ്രശ്‌നമാണെന്ന് ജിക്ക അധികൃതര്‍ വ്യക്തമാക്കി. ആയത് പരിഹരിക്കുന്നതിന് നാഷനല്‍ ഹൈവേ അധികൃതര്‍ ആവശ്യമായ അനുമതി നല്‍കുന്നതിനും അടിയന്തിരമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു. താമരശ്ശേരി -വരിട്ട്യാക്കില്‍ -സിഡബ്ല്യുആര്‍ഡിഎം റോഡില്‍ പൈപ്പ് ലൈന്‍ ക്രോസിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യും. പടനിലം കളരിക്കണ്ടി റോഡിലും പന്തീര്‍പാഠം തേവര്‍കണ്ടി റോഡിലും കുന്ദമംഗലം കുറ്റിക്കാട്ടൂര്‍ റോഡിലും പൈപ്പ് ലൈന്‍ ഇടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കും.
മെഡിക്കല്‍ കോളജ് - മാവൂര്‍ റോഡിന്റെ ഗ്യാരണ്ടി കാലാവധി അവസാനിച്ചതിനാല്‍ പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ഭാഗങ്ങളില്‍ പൈപ്പിടല്‍ പ്രവൃത്തി നടത്തുന്നതിന് അനുമതി ലഭ്യമാക്കുന്നതില്‍ തടസ്സമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് യോഗത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജിക്ക അധികൃതര്‍ വ്യക്തമാക്കി. കളന്‍തോട്-കൂളിമാട് റോഡില്‍ എന്‍സിപിസി പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ മാറ്റുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്ന മുറക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.
പി ടി എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ അജിത, കെ തങ്കമണി, ഷൈജ വളപ്പില്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ വി ബാലന്‍ നായര്‍, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.RELATED STORIES

Share it
Top