ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍; പയമ്പ്ര റോഡ് തകര്‍ന്നു

നരിക്കുനി: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി കീറിയ പയമ്പ്ര റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമായി. മൂട്ടോളിപണ്ടാരപ്പറമ്പ് റോഡില്‍ കുമ്മങ്ങോട്ട് താഴം മുതല്‍ പുറ്റുമണ്ണില്‍ താഴം വരെയുള്ള ഭാഗമാണ് തകര്‍ന്നത്. കഴിഞ്ഞ വേനലില്‍ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനാണ് റോഡിന്റെ ഒരു ഭാഗം കീറിയത്.
ഈ ഭാഗം മണ്ണിട്ട് മൂടിയെങ്കിലും ചിലയിടങ്ങളില്‍ ക്വാറിവേഴ്സ്റ്റും മെറ്റലും നികത്തി റോഡ് പൂര്‍വസ്ഥിതിയിലാക്കാനുള്ള പ്രവൃത്തികള്‍ നടന്നിട്ടുള്ളൂ. ഈ ഭാഗം തന്നെ മഴയില്‍ പൊളിഞ്ഞ് വീണ്ടും ചാലുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ബാക്കി ഭാഗത്ത് ഇപ്പോഴും ചെളിക്കുഴിയായി നിലകൊള്ളുകയാണ്. ഉറവയെടുക്കുന്ന വെള്ളം മുഴുവന്‍ ഈ ചാലുകളിലൂടെയും റോഡിലൂടെയും പരന്നൊലിക്കുകയുമാണ്. റോഡിലെ ചതിക്കുഴികളില്‍ അപകടവും പതിയിരിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് ഈ കുടിവെള്ള പദ്ധതിയുടെ മെയിന്‍ ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡിന്റെ മറുഭാഗം പകുതിയോളം ഭാഗം കീറിയാണ് പൈപ്പ് സ്ഥാപിച്ചത്. ഇതിന് ശേഷം റോഡ് പൂര്‍വസ്ഥിതിയിലാകാന്‍ കാലമേറെ കഴിഞ്ഞിരുന്നു.
ഇത് കഴിഞ്ഞപ്പോഴേക്കും വിതരണക്കുഴലുകള്‍ സ്ഥാപിക്കാന്‍ സ്ഥാപിക്കാന്‍ വീണ്ടും പണികള്‍ നടന്നതോടെ ഈ റോഡില്‍ ദുരിത യാത്രയാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രധാന മേജര്‍ റോഡുകളിലൊന്നായ ഈ റോഡിനെ ദിവസേന ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്.

RELATED STORIES

Share it
Top