ജപ്പാന്‍ കുടിവെള്ള പദ്ധതി ചുവപ്പുനാടയില്‍ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലേയും സമീപ പഞ്ചായത്തുകളിലേയും ശുദ്ധജലക്ഷാമത്തിനു പരിഹാരമാവുമെന്ന പ്രതീക്ഷയില്‍  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയോജകമണ്ഡലത്തില്‍ നടപ്പാക്കാന്‍ തുടക്കം കുറിച്ച ജപ്പാന്‍ കുടിവെള്ള പദ്ധതി ചുവപ്പു നാടയില്‍. ഇതേത്തുടര്‍ന്നു ചങ്ങനാശ്ശേരി നഗരത്തിലേയും സമീപ പഞ്ചായത്തുകളായ പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മാടപ്പള്ളി, കുറിച്ചി എന്നിവിടങ്ങളിലേയും ശുദ്ധജലക്ഷാമത്തിനു അറുതി വരുമെന്നു പ്രതീക്ഷയും അസ്ഥാനത്തായി. നിയോജകമണ്ഡലത്തിലെ ജനസംഖ്യാനുപാതികമായി ആവശ്യത്തിനു ശുദ്ധജലം ലഭിക്കുക എന്ന ഉദ്ദേശത്തടെയായിരുന്നു ജപ്പാന്റെ വായ്പ സഹായത്തോടെ 125 കോടി രൂപ മുടക്കി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.  ഇതിനുള്ള പ്രഥമിക പ്രവര്‍ത്തനങ്ങളും ഒന്നര വര്‍ഷം മുമ്പ് ആരംഭിച്ചിരുന്നു. നിലവില്‍ തിരുവല്ലാ കല്ലിശ്ശേരി- കറ്റോട്ട് പദ്ധതികളില്‍ നിന്നുള്ള വെള്ളമാണ് ചങ്ങനാശ്ശേരിക്കും സമീപപഞ്ചായത്തുകളിലേക്കും ലഭിക്കുന്നത്. എന്നാല്‍ വരള്‍ച്ച ശക്തമാവുന്നതോടെ  സന്ദര്‍ഭങ്ങളില്‍  ഈ പ്രദേശങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്നവര്‍ക്കാവശ്യമായ വെള്ളം ഇവിടെ നിന്നും പമ്പുചെയ്യാനാവുന്നില്ല. ഇതിനു പരിഹാരം എന്ന നിലയിലും ആയിരുന്നു പദ്ധതി നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചതും. കല്ലിശ്ശേരിയില്‍-കറ്റോട്ട് പദ്ധതികളില്‍ നിന്നും കൂറ്റന്‍ പൈപ്പുവഴി എത്തുന്ന വെള്ളം നിയോജകമണ്ഡലത്തിന്റെ അതിര്‍ത്തിയായ പായിപ്പാട്ട് വന്‍ടാങ്കും അനുബന്ധ സംവിധാനങ്ങളും സ്ഥാപിച്ചു ശുദ്ധീകരിച്ചു  ചങ്ങനാശ്ശേരിയിലും സമീപ പഞ്ചായത്തുകളിലും എത്തിക്കുകയായിരുന്നു ഉദ്ദേശിച്ചിരുന്നത്. പദ്ധതിയുടെ പ്രോജക്ടു റിപോര്‍ട്ടുമായി  ബന്ധപ്പെട്ട് 2016 ജനുവരിയില്‍ ജലവിഭവ വകുപ്പിലെ പ്രോജക്ട് ആന്റ് പ്ലാനിംങ് വിഭാഗം ഉദ്യോഗസ്ഥര്‍ തിരുവല്ലാ കറ്റോട്ട്് എത്തി വെള്ളം ശേഖരിക്കുന്നതു സംബന്ധിച്ചു പരിശോധന നടത്തിയിരുന്നു. പായിപ്പാട്ട് ശുദ്ധജല പ്ലാന്റു സ്ഥാപിക്കുന്നതോടൊപ്പം അഞ്ചു പഞ്ചായത്തുകളിലും ചങ്ങനാശ്ശേരിയിലും  ടാങ്കുകള്‍ സ്ഥാപിച്ചു വെള്ളം വിതരണം ചെയ്യാനുമായിരുന്നു ആലോചന.  ആറു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനുമായിരുന്നു നീക്കമെങ്കിലും  എല്ലാം ഇപ്പോള്‍ ചുവപ്പുനാടയില്‍ കുരുങ്ങി തുടങ്ങിയിടത്തുതന്നെ അവസാനിച്ചിരിക്കുന്ന അവസ്ഥയിലാണ്.

RELATED STORIES

Share it
Top