ജന്‍മനാ അരയ്ക്കുതാഴെ ശേഷിയില്ലാത്ത മുബഷിറയ്ക്ക് ഇനി എന്നും സ്‌കൂളില്‍ പോവാം

പൊന്നാനി: ജന്മനാ അരയ്ക്ക് താഴെ ശേഷിയില്ലാത്ത മുബഷിറയുടെ ഏറ്റവും വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. മറ്റു കുട്ടികള്‍ക്കൊപ്പം സ്‌കൂളില്‍ പഠിക്കണമെന്ന സ്വപ്‌നമാണ് യഥാര്‍ഥ്യമായത്. വര്‍ണ ബലൂണുകളും ക്രയോണുകളും കുഞ്ഞ് പഠനോപകരണങ്ങളും നല്‍കി അവളെ സഹപാഠികളും അധ്യാപികയും ചേര്‍ന്ന് സ്വീകരിച്ചതോടെ മുബഷിറയുടെ സ്വപ്‌നലോകത്തിന് ചിറകുമുളച്ചു.
ജന്മനാ അരയ്ക്ക് കീഴെ ചലനശേഷി ഇല്ലാത്ത മുബഷീറ സ്ഥിരമായി സ്‌കൂളില്‍ വരാറില്ല. ഫിസിയോ തെറാപ്പി, സ്പീച്ച് തൊറാപ്പി, ഒരാഴ്ചയായി വീട്ടിലും സ്‌കൂളിലുമായി നല്‍കിയ പ്രത്യേക പരിശീലനങ്ങളാണ് അവളെ കഴിഞ്ഞ ദിവസം ക്ലാസ് മുറിയിലെത്തിച്ചത്. ഇനി ഇരിപ്പിട ക്രമീകരണം വലിയ വെല്ലുവിളിയാണെങ്കിലും (സിപി ചെയര്‍ വേണം) കസേരയും തലയണയും വച്ച് താല്‍കാലിക പരിഹാരം സ്‌കൂള്‍ അധികൃതര്‍ ചെയ്തിട്ടുണ്ട്. എപ്പോഴും ഒരു കൈത്താങ്ങായി കൂടെ നില്‍ക്കുന്ന രക്ഷിതാവ് ക്ലാസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഏറ്റവും വലിയ പിന്തുണ.
മറ്റ് പ്രയാസങ്ങളില്ലെങ്കില്‍ ഇനി എന്നും ക്ലാസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുമെന്ന് അധ്യാപകര്‍ പറയുന്നു. മുബഷിറയും ഹാപ്പിയാണ്. ഒറ്റ ദിവസം കൊണ്ടുതന്നെ അവള്‍ ക്ലാസിലെ താരമായി. ചുറ്റും കൂട്ടുകാരും കൂടിയതോടെ ഇനി സ്‌കൂളില്‍ ഒരുദിവസം പോലും മുടങ്ങില്ലന്നാണ് മുബഷിറ പറയുന്നത്.

RELATED STORIES

Share it
Top