ജന്‍മം നല്‍കിയവര്‍ തന്നെ തന്തയില്ലാത്തവര്‍ എന്നു വിളിക്കുന്നത് വിരോധാഭാസം: നളിനി ജമീല

കോഴിക്കോട്: സ്ത്രീകളെ ആക്രമിച്ചും പ്രലോഭിപ്പിച്ചും ഗര്‍ഭിണികളാക്കിയതിനു ശേഷം അവര്‍ക്കു ജനിക്കുന്ന കുട്ടികളെ തന്തയില്ലാത്തവര്‍ എന്നു വിശേഷിപ്പിക്കുന്നവര്‍, തങ്ങളെ തന്നെയാണ് അഭിസംബോധന ചെയ്യുന്നതെന്ന്് എഴുത്തുകാരി നളിനി ജമീല. ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഞാന്‍ ലൈംഗിക തൊഴിലാളി: ആത്മകഥക്കു ശേഷം എന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നളിനി ജമീല. ഏതെങ്കിലും അപകടങ്ങളിലൂടെയാണ് ഓരോ ലൈംഗിക തൊഴിലാളിയും സൃഷ്ടിക്കപ്പെടുന്നത്. ഇത്തരത്തില്‍ അപകടങ്ങളിലൂടെ എത്തിപ്പെട്ടവര്‍ക്ക് ജീവിക്കാനുള്ള കരുത്തും സംഘബോധവും നല്‍കുകയാണ് താനും തന്റെ സംഘടനയും ചെയ്യുന്നത്. ഈ വിഭാഗങ്ങളെ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രമകരമായിരുന്നു. ഒരു സ്ത്രീക്കുവേണ്ടി  സംസാരിക്കാന്‍ പോലിസ് സ്റ്റേ ഷനില്‍ എത്തിയപ്പോള്‍, അവിടത്തെ പോലിസ് ഉദ്യോഗസ്ഥന്റെ പരിഹാസത്തെ തുടര്‍ന്നാണ് ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് പുറത്ത് പറയാന്‍ തീരുമാനിച്ചത്. കേരളത്തില്‍ അക്കാലത്ത് 25,000ല്‍ അധികം ലൈംഗിക തൊഴിലാളികള്‍ ഉള്ളപ്പോള്‍ 30 പേര്‍ മാത്രമാണ് സംഘടനയില്‍ ചേര്‍ന്നത്. തന്റെ ആത്മകഥ പുറത്തുവന്നപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ വലിയ സാഹിത്യകാരന്‍മാര്‍ക്ക് സ്ത്രീകളുടെ അംഗലാവണ്യത്തെ കുറിച്ച് തുറന്നെഴുതാം. എന്നാല്‍, ഒരു സ്ത്രീ അങ്ങിനെ എഴുതുമ്പോള്‍ അത് വിമര്‍ശന വിധേയമാക്കുന്നു. സാഹിത്യത്തിലെ പുരുഷാധിപത്യം തന്നെയാണ് ഇതുകാണിക്കുന്നതെന്നും നളിനി ജമീല പറഞ്ഞു. വിധു വിന്‍സെന്റ് മോഡറേറ്ററായിരുന്നു.

RELATED STORIES

Share it
Top