ജനുവരി 10ന് സുപ്രിംകോടതി കേസ് പരിഗണിക്കും

സുല്‍ത്താന്‍ ബത്തേരി: ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് ജനുവരി 10നു സുപ്രിംകോടതി പരിഗണിക്കും. ബന്ദിപ്പൂര്‍ വനത്തിലൂടെ കടന്നുപോവുന്ന എന്‍എച്ച് 212, 67 എന്നിവയില്‍ രാത്രി ഒമ്പതിനും പുലര്‍ച്ചെ ആറിനുമിടയില്‍ ഗതാഗതം നിരോധിച്ച് കര്‍ണാടക ഹൈക്കോടതി 2010 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരേ കേരളാ സര്‍ക്കാരും നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയും ഊട്ടി ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷനും നല്‍കിയ ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കുക. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും നിരോധനസമയം ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലെ ഒരു പരിസ്ഥിതി സംഘടന നല്‍കിയ പ്രതേ്യകാനുമതി ഹരജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. സുപ്രിംകോടതിയുടെ തീരുമാനം രാത്രിയാത്രാ നിരോധന വിഷയത്തില്‍ അന്തിമമായിരിക്കും. അതിനാല്‍ കോടതിയെ കൃത്യമായി കാര്യങ്ങള്‍ ധരിപ്പിക്കുകയെന്നതു വളരെ പ്രധാനമാണ്. രാത്രിയാത്രാ നിരോധനത്തിന് അനുകൂലമായ നിലപാടാണ് കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി നിരോധനത്തെ പിന്തുണയ്ക്കുമ്പോള്‍ ദേശീയപാതാ അതോറിറ്റി മാത്രമാണ് എതിര്‍ക്കുന്നത്. പരിസ്ഥിതി സംഘടനകളും രാത്രിയാത്രാ നിരോധനത്തെ അനുകൂലിക്കുകയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേരളം സുപ്രിംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ കേസ് വാദിക്കാന്‍ ചുമതലപ്പെടുത്തുകയും അദ്ദേഹം നാലുതവണ കോടതിയില്‍ ഹാജരാവുകയും ചെയ്തിരുന്നു. കേരളാ-കര്‍ണാടക മുഖ്യമന്ത്രിമാരോട് വിഷയം ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച് ബംഗളൂരുവില്‍ നടന്ന ചര്‍ച്ചയില്‍ വിഷയം പഠിക്കാന്‍ ഇരു സംസ്ഥാനങ്ങളും ഒരോ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. കേരളാ സര്‍ക്കാര്‍ ഡോ. ഈസ കമ്മിറ്റിയെയും കര്‍ണാടക മറ്റൊരു വിദഗ്ധ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. കേരളത്തിന്റെ വിദഗ്ധ സമിതി 40 വാഹനങ്ങള്‍ രാത്രി കോണ്‍വോയ് അടിസ്ഥാനത്തില്‍ കടത്തിവിടുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോള്‍ കര്‍ണാടക സമിതി രാത്രിയാത്രാ നിയന്ത്രണം ഒരുകാരണവശാലും പിന്‍വലിക്കരുതെന്ന നിലപാടാണ് എടുത്തത്. അടുത്ത തവണ കേസ് പരിഗണിച്ചപ്പോള്‍ വന്യജീവികള്‍ക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത വിധമുള്ള പരിഹാരമാര്‍ഗങ്ങള്‍ സമര്‍പ്പിക്കാമെന്നു കേരളത്തിന്റെ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചതിനെ തുടര്‍ന്ന് 2016 ജനുവരിയില്‍ കേസ് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി വിദേശരാജ്യങ്ങളില്‍ വന്യജീവി സങ്കേതങ്ങളിലെ ഹൈവേകളില്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള പരിഹാരമാര്‍ഗങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും പഠനം നടത്തി സുപ്രിംകോടതിക്ക് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജൈവപാലങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുകയും വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതു പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ നടപടികളായിട്ടില്ല.

RELATED STORIES

Share it
Top