ജനാലകളില്‍ കറുത്ത സ്റ്റിക്കറെന്ന് സന്ദേശം;വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് പിടിവീഴും

കോട്ടയം: വീടുകളിലെ ജനാലകളില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ പോലിസിന്റെ കര്‍ശന നിരീക്ഷണത്തില്‍. ഇത്തരം വാട്‌സ് ആപ്പ് ഗ്രൂപ്പുകളെ നിരീക്ഷിക്കാന്‍ സൈബര്‍ സെല്ലിനു കീഴില്‍ പ്രത്യേക സംഘത്തെയാണു പോലിസ് നിയോഗിച്ചിരിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളാണു സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തിയതെന്നാണ് പോലിസിന്റെ നിഗമനം. സൈബര്‍ ഡോമിന്റെ സഹായത്തോടെയാണ് സൈബര്‍ സെല്‍ ജില്ലയിലെ ആയിരത്തിലധികം വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ലക്ഷക്കണക്കിനു സന്ദേശങ്ങളും പരിശോധിക്കുന്നത്. അനാവശ്യമായി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന് കണ്ടെത്തുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനുകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നു കോട്ടയം ഡിവൈഎസ്പി സക്കറിയാ മാത്യു അറിയിച്ചു. അതേസമയം, വീടുകളിലെ ജനാലകളില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെത്തിയതില്‍ യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നാണു പോലിസിന്റെ വിശദീകരണം. ജനല്‍ ചില്ലുകള്‍ തമ്മില്‍ കൂട്ടിമുട്ടി കേടുപാടുണ്ടാവാതിരിക്കാന്‍ ഒട്ടിക്കുന്ന കറുത്ത സ്റ്റിക്കറുകളാണിവയെന്നാണ് അന്വേഷണത്തിനൊടുവില്‍ പോലിസ് നിഗമനത്തിലെത്തിയത്. അഞ്ചു വര്‍ഷത്തിനിടെ പണിത വീടുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തിയവയുടെയും ജനലുകളിലാണ് കറുത്ത സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. നേര്‍ത്ത റബറുകൊണ്ടുണ്ടാക്കിയ സ്റ്റിക്കറുകള്‍ ചില്ലുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ ഇവയ്ക്കിടയില്‍ ഒട്ടിക്കുകയാണ് പതിവ്. ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ഇത്തരം സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത്. ജനലുകള്‍ സ്ഥാപിച്ചപ്പോള്‍ തന്നെ കറുത്ത സ്റ്റിക്കറുമുണ്ടായിരുന്നു. ഇപ്പോള്‍ പ്രചാരണമുണ്ടായപ്പോഴാണ് വീട്ടുകാര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്. ചില വീടുകളില്‍ പരിശോധനയ്ക്കു പോയപ്പോള്‍ ചെളിപിടിച്ച ജനലുകളില്‍ വരെ സ്റ്റിക്കറുകള്‍ കണ്ടെത്തിയത് ഇതിന്റെ തെളിവാണെന്നു പോലിസ് പറയുന്നു. സ്റ്റിക്കറുകള്‍ ഒട്ടിച്ച വീട്ടില്‍ നിന്ന് പോലിസ് സാമ്പിളുകള്‍ ശേഖരിച്ച് കോട്ടയം നഗരത്തിലെയും പൊന്‍കുന്നം, വൈക്കം മേഖലകളിലെയും ഗ്ലാസുകടകളിലെത്തിച്ച് പരിശോധന നടത്തി. സ്റ്റിക്കര്‍ കണ്ടെത്തിയ വീടുകളില്‍ ഗ്ലാസ് നല്‍കിയ കാര്യം ഇവര്‍ സ്ഥിരീകരിക്കുകയും ചെയ്തു. സ്റ്റിക്കറുകള്‍ കണ്ടെത്തിയ വീടുകളിലെ ഉടമസ്ഥന്‍മാരുടെ യോഗവും പോലിസ് വിളിച്ചുചേര്‍ത്തിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും പോലിസ് അന്വേഷണത്തിലുമാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്. കഴിഞ്ഞയാഴ്ചയാണ് നട്ടാശ്ശേരി പുത്തേട്ട് ഭാഗത്തെ വീടിന്റെ ഭിത്തിയില്‍ കറുത്ത സ്റ്റിക്കര്‍ ആദ്യം കണ്ടെത്തിയത്. ഇത് വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് ജില്ലയിലെ അറുന്നൂറിലേറെ വീടുകളില്‍ സ്റ്റിക്കര്‍ കണ്ടെന്ന വിവരം പുറത്തു വന്നു. മോഷണം നടത്തുന്നതിനു തിരഞ്ഞെടുക്കുന്ന വീടുകളില്‍ മോഷ്ടാക്കളാണ് സ്റ്റിക്കര്‍ പതിപ്പിക്കുന്നതെന്ന വാര്‍ത്തകള്‍ കാട്ടുതീപോലെ പടര്‍ന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തി. എന്നാല്‍, സ്റ്റിക്കര്‍ ഒട്ടിച്ച വീടുകളിലും പരിസരത്തും മോഷണമോ മറ്റ് അസാധാരണമായ സംഭവങ്ങളോ ഉണ്ടാവാതിരുന്നതോടെയാണു പോലിസ് ഇതു കാര്യമാക്കാനില്ലെന്ന നിഗമനത്തിലേക്കെത്തിയത്. അതിനിടെ, പോലിസ് ഇത്തരമൊരു സ്ഥിരീകരണം നല്‍കിയതിനു ശേഷവും വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

RELATED STORIES

Share it
Top