ജനാധിപത്യ സ്വഭാവമില്ലാത്ത സിപിഎമ്മിന് പുരോഗമനപ്രസ്ഥാനമെന്ന് മേനി നടിക്കാന്‍ അവകാശമില്ലെന്ന്

തൃശൂര്‍: ജനാധിപത്യ സ്വഭാവമില്ലാത്ത സിപിഎമ്മിന് പുരോഗമനപ്രസ്ഥാനമെന്ന് മേനി നടിക്കാന്‍ അവകാശമില്ലെന്ന് ചിന്തകന്‍ കെ വേണു.
മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധത്തില്‍ പ്രതിഷേധിച്ചും യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടും ഡിസിസി തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ സംഘടിപ്പിച്ച സായാഹ്നധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ എന്ന സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യം ഭരണഘടനയില്‍ നിന്നും എടുത്തുമാറ്റാതെ അവര്‍ക്ക് ജനാധിപത്യസ്വഭാവം കിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രം ഭരിക്കുന്ന ഒരു രാഷ്ട്രം സ്വപ്‌നം കണ്ട് നടക്കുന്നവരാണ് സിപിഎം പ്രവര്‍ത്തകര്‍.
അത്തരക്കാര്‍ക്ക് പ്രതിപക്ഷ ബഹുമാനമോ ജനാധിപത്യബോധമോ ഉണ്ടാകില്ല. അവരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രവൃത്തികളെ എതിര്‍ക്കുന്നവരെ ഇല്ലാതാക്കേണ്ടത് പാവനമായ കടമയാണ്.
പൊതുവില്‍ കമ്മ്യൂണിസ്റ്റുകാരെ നയിക്കുന്ന ഈ വിശ്വാസം ഇല്ലാതായാല്‍ മാത്രമേ സിപിഎമ്മിന് ജനാധിപത്യസ്വഭാവം ഉണ്ടാകൂ. ആ തിരിച്ചറിവിലേയ്ക്ക് അവരെ എത്തിച്ചാല്‍ മാത്രമേ അക്രമരാഷ്ട്രീയം ഇല്ലാതാക്കാന്‍ കഴിയൂ.
അല്ലാതെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതുകൊണ്ടുമാത്രം സിപിഎമ്മുകാര്‍ ഒരിക്കലും കൊലപാതക രാഷ്ട്രീയത്തില്‍ നിന്നും പി ന്‍മാറില്ല. അക്രമരാഷ്ട്രീയത്തെ അപലപിച്ചതുകൊണ്ടുമാത്രം അവര്‍ ആരും തെറ്റുതിരുത്തില്ല. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഈ വിഷയം ഉന്നയിക്കേണ്ടതുണ്ടെന്നും കെ വേണു ഓര്‍മ്മിപ്പിച്ചു.

RELATED STORIES

Share it
Top