ജനാധിപത്യ ശക്തികള്‍ ഒന്നിക്കണം: റോയ് അറക്കല്‍

മുക്കം: ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ സോഷ്യല്‍ ഡെമോക്രസി മുഴുവന്‍ ജനങ്ങളയും ബോധ്യപ്പെടുത്തുകയെന്ന ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍.
നോര്‍ത്ത് കാരശ്ശേരിയല്‍ എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസം കുഞ്ഞുങ്ങളെപ്പോലും ലക്ഷ്യമാക്കുന്നത് വളരെ അപകടകരമായ സാഹചര്യമാണ്. വംശീയ ഉന്മൂലനം ലക്ഷ്യമിടുന്ന രാഷ്ട്രീയത്തെ ചെറുത്ത് തോല്‍പിക്കാന്‍ ജനാധിപത്യ ശക്തികളുടെ ഐക്യനിര കെട്ടിപ്പടുക്കണം. കസ്തൂരി രംഗന്‍ റിപോര്‍ട്ടും ഗെയില്‍ വാതക പൈപ് ലൈനും ജീവിത പുരോഗതിക്കും പ്രകൃതിയുടെ ജൈവ കലവറക്കും ഭീഷണിയാണ്.
ജനങ്ങള്‍ക്ക് ഭരണകൂടത്തേയും ഭരണകൂടത്തിന് ജനങ്ങളേയും ഭയപ്പെടുന്ന വര്‍ത്തമാനകാലത്ത് ഭയത്തില്‍ നിന്ന് മോചനം, വിശപ്പില്‍ നിന്ന് മോചനമെന്ന എസ്ഡിപിഐ മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി കെ ഉസ്മാനലി പ്രവര്‍ത്തന റിപോര്‍ട്ടും, പി സി നാസര്‍ രാഷ്ട്രീയ റിപോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, മുഹമ്മദ് അഷ്‌റഫ് സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് കെ മമ്മദ് പതാക ഉയര്‍ത്തി. പുതിയ ഭാരവാഹികളായി ടി പി മുഹമ്മദ് (പ്രസിഡന്റ്), ടി ഇസ്ഹാഖ്, കെ മമ്മദ് (വൈസ്.പ്രസിഡന്റുമാര്‍), പി സി നാസര്‍ (സെക്രട്ടറി), അഷ്‌റഫ് മാസ്റ്റര്‍, ബഷീര്‍ എരഞ്ഞിമാവ് (ജോ.സെക്രട്ടറിമാര്‍), കെ ടി ഷിഹാബ് ചെറുവാടി (ഖജാന്‍ജി), പി കെ ഉസ്മാനലി, സലാം ഹാജി, എ ബഷീര്‍, സി ടി അഷ്‌റഫ്, സുബൈര്‍ പൊയില്‍ക്കര ( അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top