ജനാധിപത്യത്തിന്റെ കാവല്‍ക്കാരന്‍; പാവങ്ങളുടെ പടത്തലവന്‍

കാസര്‍കോട്:  ജനാധിപത്യചേരിക്കൊപ്പം എന്നും നിലനിന്ന നേതാവായിരുന്നു ചെര്‍ക്കളം അബ്ദുല്ല. സോഷ്യലിസ്റ്റ് സ്റ്റുഡന്‍സ് ഫെഡറേഷനിലൂടെ കടന്നുവന്ന് എംഎസ്എഫിലും യൂത്ത് ലീഗിലും മുസ്്‌ലിം ലീഗിലും വന്ന് ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചു. നിയമനിര്‍മ്മാണ സഭകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. പിന്നാക്കകോര്‍പറേഷന്‍ പ്രഥമ ചെയര്‍മാന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചു.
കാരുണ്യത്തിന്റെ മഹാപ്രവാഹമായിരുന്നു ചെര്‍ക്കളം. ബൈത്തുറഹ്്മയില്‍ കുടി നിരവധി പേര്‍ക്ക് ഭവനങ്ങള്‍ ഒരുക്കി. അനാഥര്‍ക്കും സമൂഹത്തില്‍ ദുരിത അനുഭവിക്കുന്നവര്‍ക്കും അത്താണിയായി. മഞ്ചേശ്വരം ഓര്‍ഫനേജ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉള്ളതാണ്. സുന്നി നേതാവായിരിക്കുമ്പോള്‍ സമുദായത്തിലേ മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിച്ചു.
1956ല്‍ രൂപീകരിച്ച യൂത്ത് ലീഗിന്റെ പ്രഥമ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 1980 ജനുവരി 21ന് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സിപിഐയിലെ ഡോ.എ സുബ്ബറാവുവിനോട് 156 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1982 മേയ് 10ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലം കോണ്‍ഗ്രസിന് വിട്ടു. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങളം മണ്ഡലത്തില്‍ ചെര്‍ക്കളത്തേ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി തലശ്ശേരിയിലേക്ക് പുറപ്പെട്ടപ്പോള്‍ ലീഗ് നേതൃത്വം അറിയിച്ചത് ഈ മണ്ഡലം യുഡിഎഫിലെ മറ്റു ഘടകകക്ഷിക്ക് നല്‍കിയെന്നാണ്. അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം തിരിച്ചു വരികയായിരുന്നു. 1987ല്‍ വീണ്ടും ചെര്‍ക്കളം മഞ്ചേശ്വരത്ത് മല്‍സരിച്ചു. ബിജെപിയിലെ എച്ച് ശങ്കര ആള്‍ വയെ പരാജയപ്പെടുത്തി.
ദക്ഷിണേന്ത്യയിലേ ഏറ്റവും വലിയ ഫാഷിസ്റ്റ് കേന്ദ്രമായ മംഗളൂരുവിനടുത്തെ കേന്ദ്രമെന്ന നിലയില്‍ ഫാഷിസ്റ്റ് ശക്തികള്‍ക്ക് ഏറ്റവും മേല്‍ക്കോയ്മ ഉള്ള സ്ഥലമാണ് മഞ്ചേശ്വരം. ഓരോ തിരഞ്ഞെടുപ്പിലും താമര വിരിയുമെന്ന ആത്മവിശ്വാസം കൊള്ളുന്ന മേഖലയില്‍ ബിജെപിയുടെ സമുന്നതരായ കെ ജി മാരാര്‍, സി കെ പത്മനാഭന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ പരാജയത്തിന്റെ രുചി അറിഞ്ഞത് ചെര്‍ക്കളത്തിന്റെ മതേതര ചേരിയെ ഒന്നിച്ച് നിര്‍ത്താനുള്ള കഴിവ് കൊണ്ടു മാത്രമായിരുന്നു.

RELATED STORIES

Share it
Top