ജനാധിപത്യത്തിന്റെ കാഴ്ച മറയ്ക്കരുത്

മധ്യമാര്‍ഗം - പരമു
ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. നിയമസഭയുടെ അഭിമാനവും അന്തസ്സും നിലവാരവും തകര്‍ന്നാല്‍ ജനാധിപത്യമാണ് തകരുന്നത്.   നിയമസഭയെ കാത്തു രക്ഷിക്കേണ്ടത്   ജനങ്ങളുടെ കടമയാണ്.
സാമാജികരെ ജനങ്ങള്‍ ആ ഉത്തരവാദിത്തം ഏല്‍പിച്ചിട്ടുണ്ട്. മേല്‍നോട്ടത്തിനായി ഒരു പദവിയുമുണ്ട്. രാഷ്ട്രീയത്തിനതീതമായി നിലകൊള്ളാന്‍ ബാധ്യസ്ഥനായ സ്പീക്കര്‍. വാക്കുകളില്‍ നിഷ്പക്ഷത പുലര്‍ത്തുന്ന ആളാണ് ഇപ്പോഴത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍.
അദ്ദേഹത്തിനു പരിമിതികളുണ്ട്. മുഖ്യമന്ത്രി കണ്ണുരുട്ടിയാല്‍ നിഷ്പക്ഷത താനേ അഴിഞ്ഞുവീഴും. സര്‍ക്കാര്‍ ചെലവില്‍ അരലക്ഷം രൂപയുടെ കണ്ണട വച്ചു നടക്കുന്നതിനാല്‍ കാര്യങ്ങളൊക്കെ സ്പീക്കര്‍ക്ക് വ്യക്തമായി കാണുകയും ചെയ്യാം.  ഇക്കഴിഞ്ഞ ദിവസം നിയമസഭയില്‍ കോലാഹലങ്ങള്‍ അരങ്ങേറിയ ശേഷം അദ്ദേഹം ചാനല്‍ മൈക്കുകള്‍ക്കു മുമ്പില്‍ സങ്കടപ്പെടുന്നത് കണ്ടാല്‍ കഷ്ടം എന്ന് ആരും പറഞ്ഞുപോകും. സ്പീക്കര്‍ കരഞ്ഞില്ലെന്നു മാത്രമേയുള്ളൂ. വാക്കുകള്‍ അത്ര വികാരപരമായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങി നടത്തുന്ന പ്രതിഷേധം സഭയുടെ അന്തസ്സിനു നിരക്കുന്നതല്ലെന്നാണ് സ്പീക്കറുടെ ആരോപണം. മാത്രമല്ല, സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന വിധം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്നും അദ്ദേഹം പരാതിപ്പെട്ടു.
കേരള നിയമസഭയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ കാഴ്ച മറയ്ക്കുന്ന കാര്യം ആദ്യമായാണ് ഒരു സ്പീക്കര്‍ പറയുന്നത്. വില കൂടിയ കണ്ണട ധരിച്ചിട്ടു പോലും സ്പീക്കര്‍ക്ക് നിയമസഭ കാണാന്‍ പറ്റാത്ത അവസ്ഥ വന്നാലോ! ഈ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചത് സ്പീക്കര്‍ക്കോ നിയമസഭയ്‌ക്കോ നേരെയല്ല, ഒറിജിനല്‍ ജനാധിപത്യത്തിനു നേരെയാണെന്നു സാരം. വഴി വിട്ടു പെരുമാറുന്ന സാമാജികരെ പുറത്താക്കാനും മറ്റ് നടപടികള്‍ക്കു വിധേയരാക്കാനും സ്പീക്കര്‍ക്ക് അധികാരമുണ്ട്. നമ്മുടെ സ്പീക്കര്‍ അതൊന്നും ചെയ്യാന്‍ താല്‍പര്യം കാണിക്കുന്ന ആളല്ല. പ്രതിപക്ഷ എംഎല്‍എമാരോട് പ്രത്യേക സ്‌നേഹം പ്രകടിപ്പിക്കുന്ന നിഷ്പക്ഷന്‍ കൂടിയാണ്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വാക്കുകള്‍ കേട്ടാല്‍ നിയമസഭ ഇത്രയും കാലം തികഞ്ഞ അന്തസ്സോടെയായിരുന്നു നടന്നതെന്നു ചിലരെങ്കിലും വിചാരിക്കാന്‍ സാധ്യതയുണ്ട്. മറവി മനുഷ്യസഹജമാണല്ലോ.
കേരള നിയമസഭയില്‍ ഉടുതുണി              പൊക്കിക്കാണിച്ച് അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച ഒരു മെമ്പറുണ്ടായിരുന്നു. കാലിലെ ചെരുപ്പ് ഊരി ചെയറിനു മുമ്പിലേക്ക് വലിച്ചെറിഞ്ഞ എംഎല്‍എയെ ആരും മറന്നുപോയിട്ടില്ല. വാടാ, പോടാ വിളികളിലൂടെ അഭിമാനം കാത്തു രക്ഷിച്ച പല മെമ്പര്‍മാരും ഉണ്ടായിരുന്നു.
സഭയുടെ അന്തസ്സിനെ ഓര്‍ത്ത്                    ഇപ്പോള്‍ വിലപിക്കുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മെമ്പറായിരുന്ന കഴിഞ്ഞ നിയമസഭയില്‍ നടന്നത് ടെലിവിഷനിലൂടെ ജനങ്ങള്‍ നേരില്‍ കണ്ടതാണ്. കെ എം മാണിയുടെ ബജറ്റ് അവതരണം തടയുന്നതിനായി അംഗങ്ങള്‍ സ്പീക്കറുടെ വേദി തകര്‍ത്ത് അഴിഞ്ഞാടിയ സംഭവം പൊതുഖജനാവിനു രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് വരുത്തിയത്. സംഭവത്തില്‍ ആറു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ പോലിസ് എടുത്ത ക്രിമിനല്‍ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. കുറ്റം ചെയ്ത അന്നത്തെ എംഎല്‍എമാരെ നിയമത്തില്‍ നിന്നു മോചിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാരിനു നടപ്പാക്കാനാവാത്തത് വേറൊരു നാണക്കേട്.
കേസുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്ന ദിവസത്തിനൊരു പ്രത്യേകത കൂടിയുണ്ട്. അന്നാണ് നിയമസഭയുടെ അന്തസ്സിനെക്കുറിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വേവലാതിപ്പെട്ടത്. താന്‍ മെമ്പറായിരുന്ന കഴിഞ്ഞ നിയമസഭയില്‍ തന്റെ പാര്‍ട്ടിക്കാരായ എംഎല്‍എമാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ചതിനെതിരേ പ്രതികരിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല.
അന്നത്തെ ധനമന്ത്രിയായിരുന്ന മാണിയെ അഴിമതിക്കാരനെന്ന് ആക്ഷേപിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞത്. ആ മാണിയുമായി രാഷ്ട്രീയ ചങ്ങാത്തത്തിനു തന്റെ പാര്‍ട്ടി നേതാക്കള്‍ ശ്രമിക്കുന്നതും സ്പീക്കര്‍ അറിഞ്ഞിട്ടില്ല. നിയമസഭയില്‍ അന്തസ്സു വിട്ടു പെരുമാറുന്ന മെമ്പര്‍മാരെ തിരിച്ചുവിളിക്കാന്‍ വോട്ടര്‍മാര്‍ക്ക് അവകാശം നല്‍കാത്ത കാലത്തോളം ഇതൊക്കെ സംഭവിക്കും.                                      ി

RELATED STORIES

Share it
Top