ജനാധിപത്യം വെല്ലുവിളി നേരിടുന്നു: യെച്ചൂരി

ഹൈദരാബാദ്: ബിജെപി ഭരണത്തിനു കീഴില്‍ ജനാധിപത്യം വെല്ലുവിളി നേരിടുന്നതായും ബിജെപിയെ തോല്‍പിക്കാന്‍ മതേതര ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹൈദരാബാദ് ബാഗ്‌ലിംഗം പള്ളിയിലെ മുഹമ്മദ് അമീന്‍ നഗറില്‍ സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ബിജെപിക്കെതിരേ യെച്ചൂരി ആഞ്ഞടിച്ചത്.
അതേസമയം, പരോക്ഷമായി കോണ്‍ഗ്രസ് സഹകരണത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം പ്രസംഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ചില്ല. ഇന്ത്യയിലെ മതേതര ജനാധിപത്യവും ജനങ്ങളും ഭരണത്തിലുള്ള ബിജെപിയില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് യെച്ചൂരി പറഞ്ഞു. ബലാല്‍സംഗത്തെ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്ന കേന്ദ്രസര്‍ക്കാരാണ് രാജ്യത്തുള്ളത്. അത്രയ്ക്കും ലജ്ജാവഹമായ സാഹചര്യമാണ് ഇന്ന് രാജ്യത്ത്. എന്ത് കഴിക്കണം, ആരോട് സംസാരിക്കണം, ആരോട് കൂട്ടുകൂടണമെന്നുവരെ ആര്‍എസ്എസ് തീരുമാനിക്കുന്നു. വസ്ത്രധാരണമടക്കമുള്ള കാര്യങ്ങളില്‍ യുവാക്കള്‍ക്ക് നിര്‍ദേശം നല്‍കി ആര്‍എസ്എസും ബിജെപിയും സാമുഹികക്രമം വരുതിയിലാക്കാന്‍ ശ്രമിക്കുകയാണ്. ഗോസംരക്ഷണത്തിന്റെ പേരില്‍ മുസ്്‌ലിംകളും ദലിതരും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആര്‍എസ്എസ് ബിജെപി സംഘം ആക്രമിക്കുകയാണ്. എന്നാല്‍, സിപിഎമ്മാണ് അക്രമകാരികളെന്ന് രാജ്യത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ ചെറുത്തുതോല്‍പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
കഠ്‌വ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്തിന് നാണക്കേടായി.   ഇന്ന് പുറത്തുവന്ന മഹാരാഷ്ട്രയിലുണ്ടായ പീഡനവും  മനുഷ്യത്വമില്ലായ്മയുടെ ക്രൂരമായ കാഴ്ചയാണ് കാണിച്ചുതരുന്നത്. എല്ലാ പുരോഗമന ചിന്തകള്‍ക്കെതിരേയും ആര്‍എസ്എസ് കടന്നാക്രമണം നടത്തുന്നു.
ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാണ് കേന്ദ്രസര്‍ക്കാര്‍  പ്രവര്‍ത്തിക്കുന്നത്. ഇത് ജനജീവിതം ദുരിത പൂര്‍ണമാക്കുന്നു. ആര്‍എസ്എസ് കടന്നുകയറ്റങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വന്‍ ഭീഷണിയാണ് വര്‍ഗീയധ്രുവീകരണം വഴി സമൂഹിക ഐക്യം ഇല്ലാതാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍, പാര്‍ലമെന്ററി ജനാധിപത്യം നിലനിര്‍ത്തേണ്ട സ്ഥാപനങ്ങള്‍ എന്നിവയെ എല്ലാം കടന്നാക്രമിച്ച് ജനാധിപത്യ വിരുദ്ധശക്തികള്‍ക്ക് വഴിയൊരുക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും യെച്ചൂരി ആരോപിച്ചു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയം പാടെ  തള്ളുകയും യുഎസ്, ഇസ്രായേല്‍, ഇന്ത്യ അവിശുദ്ധ ബന്ധം ആഗോള ഇടപെടലുകള്‍ നടത്തുകയും ചെയ്യുകയും നവലിബറല്‍ നയങ്ങളിലൂടെ മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍  അസമത്വം സൃഷ്ടിക്കുകയാണ്.
രാജ്യത്തെ ഒരു ശതമാനം ആളുകളിലാണ് 73 ശതമാനം പണവും കെട്ടിക്കിടക്കുന്നു എന്നത്  വലിയ  അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. യുവാക്കള്‍ക്ക് പ്രതിവര്‍ഷം 2 കോടി തൊഴില്‍ എന്ന വാഗ്ദാനവും സര്‍ക്കാര്‍ മറന്നു. സംഘടിത മേഖലകളില്‍ വരെ തൊഴില്‍ ക്ഷാമം രൂക്ഷമായി. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില വാഗ്ദാനം ചെയ്ത ബിജെപി ഇന്ന് അതെല്ലാം വിഴുങ്ങുകയുമാണ്. നോട്ട് നിരോധനവും ജിഎസ്ടിയും കോടികണക്കിന്  ജനങ്ങളെയാണ് പ്രതികൂലമായി ബാധിച്ചത്. വിദേശ നിക്ഷേപവും സ്വകാര്യവല്‍ക്കരണവും നടപ്പാക്കാത്ത ഒരു മേഖല പോലും രാജ്യത്തില്ല. രണ്ട് രാജ്യവ്യാപക പ്രക്ഷോഭം ഇന്ത്യന്‍ തൊഴിലാളി വര്‍ഗം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നടത്തിയെന്നതും യെച്ചൂരി ചൂണ്ടിക്കാട്ടി.
സംഘപരിവാര കടന്നാക്രമണങ്ങള്‍ക്കെതിരേ ശബ്ദിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ്, പന്‍സാരെ, ധബോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നിവര്‍ക്ക് നീതി ലഭിക്കാന്‍ ചിന്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധങ്ങളുമായി രംഗത്തെത്തിയതും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിന് പരിഹാരം ഇടതു ജനാധിപത്യ ഐക്യത്തെ ശക്തിപ്പെടുത്തലാണെന്നും സിപിഎമ്മിന് ബിജെപിക്കെതിരായ നയപരമായ ബദലായി ഉയരാന്‍ കഴിയുമെന്നും വ്യക്തമാക്കി. ഇതിന് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top