ജനസേവ ശിശുഭവനിലെ പീഡനം; ജോസ് മാവേലി അറസ്റ്റില്‍

കൊച്ചി/ആലുവ: ആലുവ ജനസേവ ശിശുഭവനിലെ കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ കാര്യം മറച്ചുവച്ചെന്ന കേസില്‍ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അടക്കം മൂന്നുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജോസ് മാവേലിയെ കൂടാതെ സ്ഥാപനത്തിലെ ജീവനക്കാരനായ പത്തനംതിട്ട സ്വദേശി റോബിന്‍ (31), കുട്ടികളെ പീഡനത്തിനിരയാക്കിയ യുവാവ് എന്നിവരാണ് അറസ്റ്റിലായത്. ജോസ് മാവേലിയെയും റോബിനെയും ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവാവിനെ എറണാകുളം പോക്‌സോ കോടതിയില്‍ ഹാജരാക്കി കാക്കനാട് ബോസ്റ്റല്‍ ഹോമിലേക്ക് മാറ്റി.
പോക്‌സോ നിയമപ്രകാരമാണ് ജോസ് മാവേലിയെയും റോബിനെയും അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റസ്റ്റം പറഞ്ഞു. കുട്ടികളെ പീഡനത്തിനിരയാക്കിയ വ്യക്തിക്ക് ആ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇപ്പോള്‍ അയാള്‍ക്ക് 19 വയസ്സായെങ്കിലും ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ പരിധിയിലായതിനാല്‍ പേരു വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡിവൈഎസ്പി പറഞ്ഞു.
നേരത്തേ ജനസേവ ശിശുഭവനില്‍ അന്തേവാസികളായിരുന്ന പീഡനത്തിനിരയായ കുട്ടികള്‍ ഇപ്പോള്‍ മറ്റൊരു ഹോമിലാണ് കഴിയുന്നത്. രണ്ടു വര്‍ഷം മുമ്പാണ് സംഭവം. 13ഉം 14ഉം വയസ്സുള്ള ആണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പീഡനത്തിനിരയായ വിവരം കുട്ടികള്‍ അന്ന് ചെയര്‍മാന്‍ ജോസ് മാവേലിയോടും ജീവനക്കാരന്‍ റോബിനോടും പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം യഥാസമയം പോലിസിനെ അറിയിക്കാത്തതിനാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു.
പീഡനത്തിനിരയായ വിവരം കുട്ടികള്‍ ഇപ്പോള്‍ കഴിയുന്ന ഹോമിന്റെ അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. അന്വേഷണത്തിനൊടുവില്‍ ഇന്നലെ ക്രൈംബ്രാഞ്ചിന്റെ എറണാകുളം തൃപ്പൂണിത്തുറയിലെ ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജനസേവ ശിശുഭവന്‍ അടുത്തിടെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, കേസില്‍ താന്‍ നിരപരാധിയാണെന്ന് ജോസ് മാവേലി പറഞ്ഞു.

RELATED STORIES

Share it
Top